പിങ്ക് പൊലീസ് വിഷയത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
പെൺകുട്ടി പൊലീസുകാരിയെ ആന്‍റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി
പിങ്ക് പൊലീസ് വിഷയത്തിൽ സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കുട്ടിയെ പരിശോധിക്കാൻ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എന്തവകാശമാണെന്ന് കോടതി ചോദിച്ചു. ബാലനീതി നിയമപ്രകാരം കേസെടുക്കാത്തത് എന്ത് കൊണ്ടാണെന്നും സർക്കാർ കേസ് മറച്ചുപിടിക്കാൻ ശ്രമിക്കുന്നതെന്തിനെന്നാണെന്നുമാണ് കോടതിയുടെ ചോദിക്കുന്നത്. കോടതിക്ക് മുമ്പാകെ സമർപ്പിച്ച നടപടി റിപ്പോർട്ട് പൂർണമല്ലെന്നും വിമർശനമുണ്ട്. കാക്കി, കാക്കിയെ സഹായിക്കുകയാണെന്നാണ് കോടതി നിരീക്ഷണം.
കടുത്ത ഭാഷയിലാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും കേസ് പരിഗണിക്കവേ വിമർശിച്ചത്. നമ്മുടെ ആരുടെയെങ്കിലും മക്കൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എങ്ങനെ സഹിക്കുമെന്ന് കോടതി ചോദിച്ചു. പെൺകുട്ടി പൊലീസുകാരിയെ ആന്‍റി എന്നാണ് വിളിക്കുന്നത്, എത്ര നിഷ്കളങ്കമായാണ് പെൺകുട്ടി സംസാരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ആരോപണ വിധേയയായ പൊലീസ് ഉദ്യോഗസ്ഥ കോടതിയിൽ മാപ്പപേക്ഷ നൽകി.തനിക്കും മൂന്ന് കുട്ടികളുണ്ട്, പെൺകുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നുവെന്നാണ് ആരോപണ വിധേയായ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത ഒരു അഭിഭാഷകൻ മുഖാന്തിരം കോടതിയെ അറിയിച്ചത്.