സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി
മേയ് ആറിലെ മാർഗനിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ അല്ലാതെ മറ്റ് എംഎൽഎമാരുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം.
കൊച്ചി :സത്യപ്രതിജ്ഞ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. എല്ലാ എം.എല്‍.എമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കണം. എംഎൽഎമാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കാമോ എന്ന് പരിശോധിക്കണം. പ്രത്യേക ക്ഷണിതാക്കള്‍ പങ്കെടുക്കേണ്ടതുണ്ടോ എന്ന് ചീഫ് സെക്രട്ടറി തീരുമാനിക്കണം. ഈ മാസം ആറിന് ഇറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
മേയ് ആറിലെ മാർഗനിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കണം. മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ അല്ലാതെ മറ്റ് എംഎൽഎമാരുടെ കുടുംബാംഗങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കാവു എന്ന് ഉറപ്പ് വരുത്തണം. വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ അടക്കമുള്ള പ്രത്യേക ക്ഷണിതാക്കൾ പങ്കെടുക്കേണ്ടത് ഉണ്ടോ എന്ന കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. മറ്റ് പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിലും ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിന് ചടങ്ങിൽ എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ എല്ലാ എംഎൽഎമാരുടെ കുടുംബങ്ങളെയും ചടങ്ങിന് ക്ഷണിച്ചതിന്റെ ഔചിത്യം മനസിലാകുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പ്രത്യേക ക്ഷണിതാക്കളുടെ കാര്യത്തിൽ സർക്കാർ കൃത്യമായ വിവരം നൽകിയില്ലെന്നും കോടതി വിമർശിച്ചു. ബംഗാളിലും, തമിൾ നാട്ടിലും കുറഞ്ഞ ആളുകളെ വെച്ച് സത്യപ്രതീജ്ഞ നടന്നിട്ടുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ട്രിപ്പിൾ ലോക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞയ്ക്കെതിരെ തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാൻ കോടതി സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രട്ടിക് പാർടി പ്രസിഡണ്ട് ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് എന്നിവർ കത്തും നൽകിയിരുന്നു.