സമരനായകൻ നിശ്ചലനായി ജന്മനാട് പുന്നപ്രയുടെ മണ്ണിലെത്തി

ഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം.

ആലപ്പുഴ |  കേരളത്തിന്റെ സമരനായകൻ നിശ്ചലനായി ജന്മനാട് പുന്നപ്രയുടെ മണ്ണിലെത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര പുലർച്ചെ 1 മണിക്ക് ആലപ്പുഴയിൽ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. വിഎസിന്‍റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആർടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂർ പിന്നിടുമ്പോൾ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്‍റെ സ്നേഹം താണ്ടിയാണ് വിഎസിന്‍റെ വിലാപയാത്ര കടന്ന് പോകുന്നത്. കോരി ചൊരിയുന്ന മഴ, ഇരുട്ടുമുറ്റി നിന്ന രാത്രി. എന്നിട്ടും പിന്തിരിഞ്ഞുപോകാതെ ജനക്കൂട്ടം പ്രിയ നേതാവിനെ അവസാനമായി കാണാൻ തടിച്ചുകൂടി നിന്നു.

ഓരോ കേന്ദ്രത്തിലും ഹൃദയസ്പർശിയായ കാഴ്ചകളാണ് കാത്തിരുന്നത്. ജനമനസ് കീഴടക്കിയ സമരസൂര്യന് ആദരമർപ്പിക്കാൻ മുഴങ്ങുന്ന മുദ്രാവാക്യങ്ങളും രക്തപുഷ്പങ്ങളുമായി വീണ്ടും വീണ്ടും വിഎസ്സിനെ ചേർത്തുനിർത്തുകയാണ് കേരളം. ഇപ്പോഴിതാ ആ യാത്ര ആലപ്പുഴയുടെ വിപ്ലവ വീഥികളിലേക്ക് കടന്നിരിക്കുകയാണ്.വി എസിന്റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിൽ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനം. 10 മുതൽ സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ കടപ്പുറം റിക്രിയേഷൻ ​ഗ്രൗണ്ടിലുമാണ് പൊതുദർശനം നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് സംസ്കാരം വലിയ ചുടുകാട്ടിൽ.
അതേസമയം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് ഇന്ന് ആലപ്പുഴ ജില്ലയിൽ ഗതാഗത നിയന്ത്രണം. സംസ്കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെഎസ്ആര്‍ടിസി ദീർഘ ദൂര ബസുകൾ ബൈപ്പാസ് വഴി പോകാനും നഗരത്തിലേക്ക് പ്രവേശിക്കരുതെന്നും അറിയിപ്പുണ്ട്. ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകണമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
എറണാകുളം തണ്ണീർമുക്കം ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷൻ, കോൺവെന്‍റ് സ്‌ക്വയർ കണ്ണൻ വർക്കി പാലം , കളക്ട്രേറ്റ് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറുവശം ആളെ ഇറക്കിയതിനുശേഷം വാഹനം വിജയ പാർക്ക് വഴി വന്ന് കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്ന് ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു ശേഷം വാഹനം വിജയ പാർക്ക് വഴി വന്നു കനാൽ സൈഡിൽ പാർക്ക് ചെയ്യുക.

കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്.

You might also like

-