ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം.
പൊലീസിന്റെ ക്രൂരമര്‍ദനമേറ്റ പിതാവിന് ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്.
ഡോക്ടര്‍ക്ക് ഇന്ന് രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു.2018 ഏപ്രിലില്‍ ആണ് ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ചത്. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതലയായിരുന്നു ഡോക്ടര്‍ക്ക്. പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ച ശേഷമാണ് പിതാവ് മരിച്ചത്. കസ്റ്റഡി മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനിടെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ പിന്‍വലിച്ചതോടെ അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.