മെഡിക്കൽ കോളജ് ആശുപത്രിയിൽ, ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും

അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്.

തിരുവനന്തപുരം| മെഡിക്കൽ കോളജ് ആശുപത്രിയിൽ, ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിച്ചേക്കും. അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. വേണുവിന് ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ല എന്നായിരുന്നില്ല ഇന്നലെ മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞത്. അജ്ഞിയോഗ്രാം ചെയ്യാതിരുന്നതിലും വീഴ്ച ഇല്ലെന്നായിരുന്നു വാദം. എന്നാൽ ചികിത്സ കിട്ടിയില്ലെന്ന വേണുവിന്റെ തന്നെ ശബ്ദ സന്ദേശംആരോഗ്യവകുപ്പിനെ കടുത്ത വെട്ടിലാക്കിയിരിക്കുകയാണ്. ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ. ഇതിനിടെ, സംഭവത്തിൽ കൊല്ലം സ്വദേശി വേണുവിന്‍റെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. പരാതിയില്‍ അടിയന്തര അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിർദേശം നൽകിയിട്ടുണ്ട്.

അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യുന്നതിനായായിരുന്നു വേണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ല. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറ പ്രാഥമിക ആശുപത്രിയിലായിരുന്നു വേണു ആദ്യം ചികിത്സ തേടിയത്. പിന്നാലെ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്നായിരുന്നു ജില്ലാ ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രിയായിരുന്നു വേണു മരിക്കുന്നത്. സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.

അതേസമയം മെഡിക്കൽ കോളേജ് സൂപ്രണ്ടിൻ്റെ വാദം തള്ളി വേണുവിൻ്റെ ഭാര്യ. ഭർത്താവിനെ കൊന്നതാണ് എന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും ഭാര്യ സന്ധ്യ പറഞ്ഞു.ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും ഡോക്ടർമാർ പറഞ്ഞിട്ടില്ല എന്നും ഭാര്യ പറഞ്ഞു. അഡ്മിറ്റായ് കിടന്നപ്പോൾ പല ബുദ്ധിമുട്ടുകളുമുണ്ടായി. എന്നിട്ട് പോലും ഡോക്ടർമാർ തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല. ആൻജിയോഗ്രാമിൻ്റെ ദിവസത്തിനായ് കാത്തിരുന്നുവെന്നും ഭാര്യ പറഞ്ഞു.
ഹൃദയാഘാതമുണ്ടായ ആള്‍ക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തുണിവിരിച്ചാണ് കിടന്നതെന്നും വേണുവിന്‍റെ ഭാര്യ സിന്ധു പറഞ്ഞു. വേദന സഹിക്കാൻ കഴിയാതെ വന്നിട്ടും മരുന്ന് പോലും നൽകിയില്ല. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറി. അഞ്ചു ദിവസം വേദന സഹിച്ച് ആശുപത്രിയിൽ കിടന്നു. രക്ഷിക്കണമെന്ന് ഡോക്ടര്‍മാരോട് കേണപേക്ഷിച്ചു. വേദന സഹിക്കാൻ കഴിയുന്നില്ലെന്ന് പലതവണ പറഞ്ഞിട്ടും മരുന്ന് നൽകാൻ ഡോക്ടര്‍മാര്‍ തയ്യാറായില്ല. പലതവണ ആവശ്യപ്പെട്ടശേഷമാണ് ഐസിയുവിലേക്ക് മാറ്റിയത്. പിന്നീട് പെട്ടെന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെന്ന് പറഞ്ഞു. കാണാൻ പോലും സമ്മതിച്ചില്ല.
വെന്‍റിലേറ്ററിലാണെന്നാണ് പറഞ്ഞതിനുശേഷം പിന്നീട് മോര്‍ച്ചറിയിൽ വെച്ചാണ് അദ്ദേഹത്തെ കാണുന്നത്. പെട്ടെന്ന് ആഞ്ജിയോ ഗ്രാം ചെയ്യേണ്ട വ്യക്തിയെയാണ് ചികിത്സ നൽകാതെ കൊന്നത്. ഇത്രയും വലിയ ചതിയാണെന്ന് ആശുപത്രിയിലുള്ളവര്‍ കാണിച്ചതെന്നും സിന്ധു കണ്ണീരോടെ പറഞ്ഞു.ഐസിയുവിൽ കയറി കാണാൻ അനുവദിച്ചില്ല. വെന്‍റിലേറ്ററിലാണെന്ന് പറഞ്ഞ സമയത്ത് തന്നെ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരുന്നു. മരിച്ചശേഷവും ചികിത്സ തുടരുകയാണെന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും സിന്ധു പറഞ്ഞു.വേണുവിന്‍റെ മരണത്തിൽ പൊലീസ് അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. കുറ്റക്കാരെ മാറ്റി നിർത്തി അന്വേഷണം നടത്തണം. വേണുവിന്‍റെ ഭാര്യയും രണ്ട് പെൺമക്കളും അനാഥരായയെന്നും അവർക്ക് നീതി കിട്ടണമെന്നും സഹോദരൻ ബേബി പറഞ്ഞു.

 

എന്നാൽ വേണുവിൻ്റെ കാര്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രന്‍ പറഞ്ഞത്. വേണു ആന്‍ജിയോഗ്രാം ചെയ്യാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും ക്രിയാറ്റിനിന്‍ അടക്കം കൂടുതല്‍ ആയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. അത് നിയന്ത്രിക്കാതെ ആന്‍ജിയോഗ്രാം ചെയ്യാന്‍ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

വാര്‍ത്തയില്‍ കണ്ടാണ് ആരോപണങ്ങളെക്കുറിച്ചുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടത്.ഒന്നാം തീയതിയാണ് ചികിത്സ തേടിയെത്തിയത്.നേരത്തെ സ്‌ട്രോക്ക് വന്നിട്ടുള്ളയാളാണ്. ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം വാര്‍ഡില്‍ കാര്‍ഡിയോളജി വിഭാഗം തന്നെയാണ് അഡ്മിറ്റ് ചെയ്തത്. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായി. വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പരമാവധി ചികിത്സ നല്‍കി. ചികിത്സ നല്‍കാന്‍ കാലതാമസവും ഉണ്ടായിട്ടില്ല. ഓഡിയോയില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അറിയില്ല. കൃത്യമായി ചികിത്സ നല്‍കിയിട്ടും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും സൂപ്രണ്ട് പറഞ്ഞു.

You might also like

-