ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ 49 മരിച്ചവരുടെ എണ്ണം ആയി
അപകടത്തിൽ മരിച്ച 49 മൃതദേഹങ്ങൾ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് അറബിക്കടലിൽ ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. 25 പേർക്കായി തെരച്ചിൽ തുടരുകയാണ്. അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.കൽപ്പറ്റ വടുവഞ്ചാൽ സ്വദേശി സുമേഷിൻറെ മൃതദേഹം ആണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. കൽപ്പറ്റ സ്വദേശി ജോമിഷ്, കോട്ടയം ചിറക്കടവ് സ്വദേശി സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ച മറ്റു മലയാളികൾ.
വടുവന്‍ചാല്‍ മേലെ വെള്ളേരി സുധാകരന്റെ മകനാണ് സുമേഷ്. ബോസ്റ്റഡ് കണ്‍ട്രോള്‍ ആന്‍ഡ് ഇലക്ട്രിക്കല്‍സിലെ ജീവനക്കാരനായിരുന്നു സുമേഷ്. കണ്ണൂര്‍ ഏരുവേശ്ശി സ്വദേശി വലിയപറമ്പില്‍ താന്നിക്കല്‍ വീട്ടില്‍ ജോസഫിന്റെയും നിര്‍മലയുടെയും മകന്‍ സനീഷ് ജോസഫിനെ കാണാതായിട്ടുണ്ട്.അതേസമയം, അപകടത്തിൽ മരിച്ച 49 മൃതദേഹങ്ങൾ മുഴുവൻ തിരിച്ചറിഞ്ഞിട്ടില്ല. 37 പേര്‍ക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. 188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി. ചൊവ്വാഴ്ച്ചയാണ് ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മുംബൈ ഹൈ റിഗ്ഗിലെ ബാര്‍ജുകൾ അപകടത്തില്‍പ്പെട്ടത്.
ടൗട്ടെ ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ മാറ്റങ്ങൾ മുംബൈ നഗരത്തെ വലിയ രീതിയിലാണ് ബാധിച്ചത്. മിക്കവാറും സ്ഥലങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാവുകയും ആളുകൾക്ക് കഴിയുന്നത്ര വീട്ടിൽ തന്നെ കഴിയാനുള്ള നിർദ്ദേശം ഭരണകൂടം നൽകുകയും ചെയ്തു. പ്രകൃതിക്ഷോഭം ഉണ്ടാക്കിയ കെടുതികളെ അതിജീവിക്കാൻ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കഷ്ടപ്പെടുമ്പോൾ പ്രധാനപ്പെട്ട ഒരു കാഴ്ച എല്ലാവരുടെയും ശ്രദ്ധ ആകർഷിക്കുന്നുണ്ട്. സമുദ്രത്തിൽ ഇത്രയും കാലമായി നിക്ഷേപിച്ച മാലിന്യമൊക്കെ കരയിലടിഞ്ഞ വളരെ ഗൗരവതരമായ കാഴ്ചയാണ് അത്
അടിയന്തിരമായി മാലിന്യ നിർമാർജനത്തിന് കൂടുതൽ കർശനമായ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയാണ് ഈ കാഴ്ച ചൂണ്ടിക്കാട്ടുന്നത്. നമുക്ക് സങ്കൽപ്പിക്കാവുന്നതിലുമപ്പുറം സമുദ്രങ്ങൾ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മാലിന്യക്കൂനകളുടെ ചിത്രങ്ങൾ പറയാതെ പറയുന്നത്. ചുഴലിക്കാറ്റ് അടങ്ങിയതിന് ശേഷം നാല് വലിയ ട്രക്ക് മാലിന്യങ്ങൾ ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ പരിസര പ്രദേശങ്ങളിൽ നിന്ന് നീക്കം ചെയ്തതായി ബ്രിഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ (ബി എം സി) ഔദ്യോഗിക വക്താവ് അറിയിച്ചു .