നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളിയാണ് നീതിമാനായ ജഡ്ജിലൂടെ ഇറങ്ങി വന്നത്

കഷായം കഴിച്ചെന്ന ഷാരോണിന്റെ വെളിപ്പെടുത്തലിൽ ഷിമോണിന് തോന്നിയ സംശയമാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. പിന്നീടാണ് അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുകയും അന്വേഷണം ഊർജിതമാകുകയും ചെയ്തത്. വിധിയിൽ പൂർണമായും സംതൃപ്തനാണെന്നും ഷാരോണിന്റെ കുടുംബത്തിന് നീതി ലഭിച്ചെന്നും അഭിഭാഷകൻ പ്രതികരിച്ചു

തിരുവനന്തപുരം | കോടതി വിധിയിൽ വളരെയധികം സംതൃപ്തരാണെന്ന് ഷാരോണിന്റെ കുടുംബം. നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദിയെന്നായിരുന്നു നെഞ്ച് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മയുടെ പ്രതികരണം.
മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ​ഗ്രീഷ്മക്ക് തൂക്കുകയറെന്ന വിധിപ്രഖ്യാപനത്തെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് ​ഷാരോണിന്റെ കുടുംബം സ്വീകരിച്ചത്. കോടതിക്കും പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ​ഗസ്ഥർക്കും ഷാരോൺ രാജിന്റെ അമ്മ നന്ദി അറിയിച്ചു. നിഷ്കളങ്കനായ എന്റെ പൊന്നുമോന്റെ നിലവിളിയാണ് നീതിമാനായ ജഡ്ജിലൂടെ ഇറങ്ങി വന്നത്. ഞങ്ങൾ പ്രതീക്ഷിച്ച, ഏറ്റവും വലിയ ശിക്ഷയാണ് ലഭിച്ചത്. കരച്ചിലിനിടയിലൂടെ ആയിരുന്നു ഷാരോണിന്റെ അമ്മയുടെ പ്രതികരണം.

പ്രതീക്ഷിച്ച വിധിയെന്ന് ഷാരോണിന്റെ സഹോദരൻ ഷിമോൺ പറഞ്ഞു. പ്രതീക്ഷിച്ച വിധി തന്നെയാണിത്. അതിന്റെയൊരു സമാധാനമുണ്ട്. ബഹുമാനപ്പെട്ട കോടതിയോട് നന്ദിയെന്നും ഷിമോൺ പറഞ്ഞു. കഷായം കഴിച്ചെന്ന ഷാരോണിന്റെ വെളിപ്പെടുത്തലിൽ ഷിമോണിന് തോന്നിയ സംശയമാണ് ഈ കേസിൽ നിർണായക വഴിത്തിരിവായത്. പിന്നീടാണ് അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുകയും അന്വേഷണം ഊർജിതമാകുകയും ചെയ്തത്. വിധിയിൽ പൂർണമായും സംതൃപ്തനാണെന്നും ഷാരോണിന്റെ കുടുംബത്തിന് നീതി ലഭിച്ചെന്നും അഭിഭാഷകൻ പ്രതികരിച്ചു.
“അപൂർവങ്ങളിൽ അപൂർവമായ കേസായിരുന്നു ഇതെന്നും വധശിക്ഷ പ്രതീക്ഷിച്ചതാണെന്നും കെജെ ജോൺസൺ പറഞ്ഞു. അന്വേഷണ ടീമിന്റെ വിജയമാണ്. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാൻ ആദ്യഘട്ടത്തിൽ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി കെജെ ജോൺസൺ പറഞ്ഞു
പ്രോസിക്യൂഷൻ്റെ എല്ലാ വാദങ്ങളും കോടതി അം​ഗീകരിച്ചെന്നും പ്രതിക്ക് മാക്സിമം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും കെജെ ജോൺസൺ പറഞ്ഞു. ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുക മാത്രമല്ല, കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞു. കേസിൻ്റെ അന്വേഷണത്തിനായി ആദ്യഘട്ടത്തിൽ ഒരു സ്പെഷ്യൽ സംഘത്തെ നിയമിച്ചിരുന്നു. മറ്റു തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നത്. ​ഗ്രീഷ്മയുടെ ചാറ്റുകളും സംസാരവും വീഡിയോ കോളുകളും മറ്റു മൊഴികളും പരിശോധിച്ചു. തുടർന്നാണ് സംശയത്തിൻ്റെ നിഴലിലായിരുന്ന ​ഗ്രീഷ്മയെ പ്രതിയാക്കുന്നത്. അന്വേഷണത്തിലാണ് മാരകമായ കീടനാശിനി കലർത്തി കഷായം നൽകിയതിനെ തുടർന്നാണ് ഷാരോൺ മരിക്കുന്നതെന്ന് കണ്ടെത്തിയത്. ആശുപത്രിയിലാവുന്നതിന് മുമ്പ് അവസാന ദിവസം ഷാരോൺ ​ഗ്രീഷ്മയുടെ വീട്ടിൽ പോയിരുന്നു. പിന്നീടാണ് ഛർദിച്ച് അവശനായത്. ​ഗ്രീഷ്മ ഉന്നയിച്ച വാദങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. ഷാരോണിൻ്റെ ഭാ​ഗത്തുനിന്നും യാതൊരു തരത്തിലുമുള്ള പീഡനവും ഉണ്ടായിട്ടില്ലെന്നും തെളിഞ്ഞുവെന്നും കെജെ ജോൺസൺ പറഞ്ഞു.

വിധിയിൽ സന്തോഷമുണ്ടെന്ന് ഡി ശില്പ ഐപിഎസ് പ്രതികരിച്ചു. അന്വേഷണ സംഘത്തെ ഗ്രീഷ്മ തെറ്റിധരിപ്പിക്കാൻ ശ്രമിച്ചു. പല ഘട്ടങ്ങളിലും വെല്ലുവിളി ഉണ്ടായി. അന്വേഷണ സംഘം ഒരുമിച്ച് നിന്ന് പ്രവർത്തിച്ചു. മറ്റ് പ്രതികളുടെ ശിക്ഷാവിധി സംബന്ധിച്ച് നിയമപരമായി ആലോചിച്ച് മുന്നോട്ട് പോകുമെന്നും ശില്പ ഐപിഎസ് പറഞ്ഞു.കഷായത്തിൽ വിഷം കലർത്തി കാമുകനായ ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര അഡീഷണ സെഷൻസ് കോടതിയാണ് ഒന്നാം പ്രതി ​ഗ്രീഷ്മക്ക് തൂക്കുകയർ വിധിച്ചത്. രണ്ടാം പ്രതിയായ ​ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെവിട്ടിരുന്നു. മൂന്നാം പ്രതി ​ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായർക്ക് മൂന്ന് വർഷം തടവാണ് കോടതി വിധിച്ചിട്ടുള്ളത്

You might also like

-