ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാം കോടതി ഹർജിതള്ളി

നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്.

0

കൊച്ചി | ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി തളളി. നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയാണ് തളളിയത്. റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ വഴിയൊരുങ്ങി. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് കോടതി നിരസിച്ചത്.ജസ്റ്റീസ് വിജി അരുണാണ് ഹർജി പരിഗണിച്ചത്. നിയമസഭയിൽ ജനപ്രതിനിധികൾക്ക് ലഭ്യമായ വിവരം അറിയാൻ സാധാരണ പൗരനും അവകാശമുണ്ടെന്ന് നിലപാടാണ് വിവരാവകാശ കമ്മീഷൻ കോടതിയിൽ സ്വീകരിച്ചത്. റിപ്പോർട്ടിന്റെ 82 പേജുകൾ ഒഴിവാകും. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുളളത്. വനിതാ കമ്മിഷൻ, ഡബ്ല്യുസിസി എന്നിവരെ കേസിൽ കക്ഷി ചേർന്നിരുന്നു.

നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണ‌ർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.സിനിമാരംഗത്തെ പ്രമുഖരുൾപ്പടെയുള്ളവർക്കെതിരെ റിപ്പോ‍ർട്ടിൽ അധിക്ഷേപങ്ങൾ ഉണ്ടെന്നും മറുഭാഗം കേൾക്കാതെയുള്ള റിപ്പോർട്ട് പുറത്തുവിടരുതെന്നും നിർമാതാവ് സജിമോൻ പാറയിൽ ഹർജിയിൽ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം തളളിയ ഹൈക്കോടതി ഹർജിയിലെ പൊതുതാൽപര്യം വ്യക്തമാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്നാണ് കണ്ടെത്തിയത്. ഹർജി നൽകിയ ആളെ റിപ്പോർട്ട് എങ്ങനെ ബാധിക്കുമെന്നും സ്ഥാപിക്കാനായില്ല. വ്യക്തികളുടെ സ്വകാര്യത പുറത്തുപോവാതിരിക്കാനുളള നിർദേശങ്ങൾ വിവരാവകാശ കമ്മീഷൻ ഉത്തരവിൽ ഉണ്ടെന്നതും കോടതി പരാമർശിച്ചു.

 

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് വനിതാ കമ്മീഷൻ കോടതിയിൽ വാദിച്ചു. 5 മാധ്യമപ്രവർത്തകരാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഒരാഴ്ചയ്ക്ക് ശേഷമാകും റിപ്പോർട്ട്‌ പുറത്ത് വിടുക.

You might also like

-