കെ.ടി ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി
ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡിക്ക് മുന്നിലെത്തിയതെന്ന് ജലീല്‍ വിശദീകരിച്ചതോടെ ആ പ്രശ്‌നം കഴിഞ്ഞു. ജലീല്‍ ഏറെക്കാലമായി സി.പി.എം സഹയാത്രികനാണ്.
തിരുവനന്തപുരം :കെ.ടി ജലീലിനെ സി.പി.എം തള്ളിയെന്ന വാദം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടാണ് താന്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ അത് ജലീല്‍ തന്നെ വിശദീകരിച്ചു. ചന്ദ്രികയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡിക്ക് മുന്നിലെത്തിയതെന്ന് ജലീല്‍ വിശദീകരിച്ചതോടെ ആ പ്രശ്‌നം കഴിഞ്ഞു. ജലീല്‍ ഏറെക്കാലമായി സി.പി.എം സഹയാത്രികനാണ്. അത് ഇനിയും തുടരും. ഇ.ഡിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്ക് മറ്റു രാഷ്ട്രീയ വ്യാഖ്യാനങ്ങള്‍ നല്‍കേണ്ടതില്ല. പി.കെ കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നേതാവാണ്. അവര്‍ എന്തൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാവരും കാണുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ നല്ല സ്വാധീന ശക്തിയുള്ള ആളാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. നര്‍ക്കോട്ടികിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്നതാണെന്ന് കരുതുന്നില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണത്. നര്‍ക്കോട്ടികിനെ തടയാന്‍ കഴിയാവുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കു മരുന്നിനെ പ്രോത്സാഹിപ്പിക്കരുത്. ആ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.