കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് ആവർത്തിച്ചിരുന്നു.

ഡൽഹി | കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ എസ്ഐആർ സമയ പരിധി നീട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ഡിസംബർ 16 വരെയാണ് നീട്ടിയത്. എന്യൂമെറേഷൻ ഫോമുകൾ ഡിസംബർ 11വരെ നൽകാം. കരട് വോട്ടർ പട്ടിക ഡിസംബർ 16 ന് പ്രസിദ്ധീകരിക്കും. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും.

തീവ്രവോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കഴിഞ്ഞദിവസം വിളിച്ചുചേർത്ത യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ എതിർപ്പ് ആവർത്തിച്ചിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ യോഗത്തിൽ എതിർപ്പിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി ഒഴികെയുള്ള പാർട്ടികൾ. സമയപരിധി നീട്ടണമെന്ന് സിപിഐ, കോൺഗ്രസ് പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. SIR ൽ ആശങ്ക ഇല്ലെന്നും ഇതുവരെ 75 ശതമാനം ഡാറ്റകൾ ഡിജിറ്റൈസ് ചെയ്യാൻ സാധിച്ചെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യൂ ഖേൽക്കർ യോഗത്തെ അറിയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നടക്കുന്നതിനിടയിൽ ഫോം വിതരണം പൂര്‍ത്തിയാക്കി കരട് പട്ടിക പുറത്തിറക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗത്തിൽ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഡിസംബര്‍ നാലിനുള്ളിൽ ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നും ഡിസംബര്‍ ഒമ്പതിന് കരട് പട്ടിക പുറത്തിറക്കണമെന്നും അന്തിമ പട്ടിക ഫെബ്രുവരി ഏഴിന് പുറത്തിറക്കണമെന്നുമായിരുന്നു നിര്‍ദേശം. ഡിസംബര്‍ ഒമ്പതിനാണ് കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പും കരട് പട്ടിക പ്രസിദ്ധീകരണവും ഒരേ ദിവസം വരുന്നതിലെ ആശങ്കയും രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിച്ചിരുന്നു. സമയം നീട്ടിയതോടെ ഒരാഴ്ച കൂടുതലായി നടപടികള്‍ക്ക് സമയം ലഭിക്കുമെന്ന ആശ്വാസമാണ് ലഭിക്കുന്നത്. സമയപരിധി നീട്ടിയത് ബിഎൽഒമാര്‍ക്കടക്കം ആശ്വാസമാകും. സമയമില്ലാത്തതിനാൽ ഫോം വിതരണവും ഡിജിറ്റലൈസേഷൻ നടപടികളുമടക്കം പൂര്‍ത്തിയാക്കാൻ കഴിയാതെ ബിഎൽഒമാര്‍ സമ്മര്‍ദത്തിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തിലെ എസ്ഐആര്‍ നീട്ടിവെയ്ക്കണമെന്ന് കോണ്‍ഗ്രസും സിപിഎമ്മു‍ം അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. നീട്ടി വെയ്ക്കുന്നതിൽ എതിര്‍പ്പില്ലെന്ന് ബിജെപിയും നിലപാട് എടുത്തിരുന്നു.

കഴിഞ്ഞ ദിവസം രാഷ്ട്രീയപാര്‍ട്ടികളെ വിളിച്ചുചേര്‍ത്തുകൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ച യോഗത്തിൽ പരാതികളുടെ പ്രവാഹമായിരുന്നു. എസ്ഐആര്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കമ്മീഷൻ സ്വമേധയാ നീട്ടിവെച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവിറക്കുന്നത്. എസ്ഐആര്‍ നടപടികളിലെ സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒമാര്‍ പല സംസ്ഥാനങ്ങളിലും ജീവനൊടുക്കിയ സംഭവങ്ങളും ഉണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാപക പരാതികളും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുമ്പിലെത്തിയിരുന്നു. സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്ന ഘട്ടത്തിലടക്കം സമയപരിധി നീട്ടിയ കാര്യമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുക.

You might also like

-