അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം പൂർത്തിയായി:തിരുവല്ലയിൽ അന്ത്യവിശ്രമം

തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്

0

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം പൂർത്തിയായി. തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് മെത്രാപ്പൊലീത്തയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ 1.30യ്ക്ക് സംസ്കാരം പൂർത്തിയായി. ഇന്ന് രാവിലെ 9 മണിവരെ ആയിരുന്നു തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ പൊതുദർശനം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ തിരുവല്ലയില്‍ എത്തിയത്. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ അന്തരിച്ച അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ മൃതദേഹം മെയ് 19 നാണ് കേരളത്തിലെത്തിച്ചത്.

നെടുമ്പാശ്ശേരിയില്‍ നിന്ന് വിലാപയാത്രയായി തിരുവല്ലയിലെത്തിച്ചു. തുടര്‍ന്ന് സഭാ ആസ്ഥാനത്തെ പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് മെത്രൊപ്പൊലീത്തയെ അവസാനമായി കാണാനെത്തിയത്. മന്ത്രി സജി ചെറിയാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണൽ ബിന്നി, എംപിമാരായ കെ സി വേണുഗോപാൽ, ആന്റോ ആന്റണി, എ എം ആരിഫ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാർ തുടങ്ങിയവരും അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു.
ലോകമെമ്പാടുമുള്ള വിശ്വാസസമൂഹത്തെ ചേർത്തുനിർത്തി 2003 ൽ ബീലീവേഴ്സ് ചർച്ച എന്ന സഭയ്ക്ക് രൂപംന ൽകി. ആതുരവേസന രംഗത്ത് സഭ വേറിട്ട സാന്നിദ്ധ്യമായി. ചുരുങ്ങിയ ചിലവിൽ സാധാരണക്കാരന് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയിൽ മെഡിക്കൽ കോളേജും തുടങ്ങി. ഇന്ത്യയിലുടനീളം സഭ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ദുരന്തമുഖങ്ങളിൽ കാരുണ്യ സ്പർശമായി. 2017 ൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച എന്ന്പേര് മാറുമ്പോൾ ലോകമെമ്പാടും വേരുകളുള്ള ക്രൈസ്തവ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത സ്ഥാനം കെ പി യോഹന്നാനെ വിശ്വാസികൾ ഏൽപ്പിച്ചു.

സുവിശേഷ പ്രസംഗത്തിൽ ആരംഭിച്ച് ഒടുവിൽ സ്വന്തമായി ഒരു സഭ തന്നെ രൂപീകരിച്ച മതപ്രചാരകനായിരുന്നു കെ പി യോഹന്നാൻ. വിദ്യാഭ്യാസം മുതൽ ആതുരസേവനം വരെ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹം നയിച്ച ബിലിവേഴ്സ് ചർച്ചിൻ്റെ പ്രവർത്തന മണ്ഡലം. കെ പി യോഹന്നാൻ എന്ന പേര് മലയാളികൾ കേട്ടിട്ടുണ്ടാവുക, ആത്മീയ യാത്ര എന്ന പരിപാടിയുമായി ബന്ധപ്പെട്ടുകൊണ്ടാവും. ചിതറിയ ചിന്തകളെ ക്രമത്തിൽ അടുക്കി, വിശ്വാസികൾക്ക് പ്രചോദനമേകാൻ പോന്ന വിധത്തിൽ അവതരിപ്പിക്കുന്ന സുവിശേഷ പ്രസംഗ പരിപാടിയായിരുന്നു ആത്മീയ യാത്ര. 1985 ൽ അതേപേരിൽ ആരംഭിച്ച റേഡിയോ പരിപാടിയിൽ നിന്നായിരുന്നു തുടക്കം. ഇന്ന് ഏഷ്യയിലുടനീളം 110 ഭാഷകളിൽ പ്രക്ഷേപണമുണ്ട്.

മലയാളത്തിലെന്ന പോലെ ഇംഗ്ലീഷിലും സരസവും സുവ്യക്തവുമായി സംസാരിക്കാനുള്ള കഴിവ് യോഹന്നാന് അന്താരാഷ്ട്ര പ്രസിദ്ധി നൽകി. 2011-ൽ റേഡിയോ യിൽ നിന്ന് ടെലിവിഷനിലേക്കുള്ള ചുവടുമാറ്റം. ആത്മീയ യാത്ര ഇന്ന് യൂട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവം. ആത്മീയ യാത്ര പിന്നീട് ബിലീവേഴ്സ് ചർച്ച് എന്ന പേരിൽ 2003-ൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി. യോഹന്നാൻ അതിന്റെ മെത്രാപ്പോലീത്തയും.

You might also like

-