തൊണ്ടി മുതൽ മോഷണം പെരിയ ഇരട്ട കൊലപാതകം കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി
യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്.
കാസര്‍കോട്: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത ബൈക്ക് കാണാതായി. കേസിലെ എട്ടാം പ്രതി വെളുത്തോളി സ്വദേശി സുബീഷ് സഞ്ചരിച്ച ബൈക്കാണ് ബേക്കൽ പൊലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായത്. ബേക്കൽ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു ബൈക്ക്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം അടുത്തിടെ സി.ബി.ഐ. ഏറ്റെടുത്തിരുന്നു. ഇത് പ്രകാരം ആയുധങ്ങളും വാഹനങ്ങളും സിബിഐക്ക് കൈമാറാനിരിക്കെയാണ് ബൈക്ക് കാണാതായത്.
യുത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ. അന്വേഷണം നാലു മാസത്തിനകം പൂർത്തിയാക്കാനും കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പതിനൊന്നാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റീസ് നാരായണ പിഷാരടിയുടെ ഉത്തരവ്. പ്രതികൾ രണ്ടു വർഷമായി ജയിലിലാണന്ന് കോടതി നിരീക്ഷിച്ചിരുന്നു.
സി.പി.ഐ.എമ്മി.നെ ഏറെ പ്രതിസന്ധിയിലാക്കിയ കേസിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കളെ കഴിഞ്ഞ ദിവസം സി.ബി.ഐ. ചോദ്യം ചെയ്തിരുന്നു. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് നേതാക്കളായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. സി.പി.ഐ.എം. പ്രാദേശിക നേതാവ് പീതാംബരന്റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.