പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ
നൂറിനു മുകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി ഹസൻ കുട്ടി എന്ന കബീർ. ഇയാൾ പല കേസുകളിലും പ്രതിയാണ്. 2022 ൽ പെൺകുട്ടിയെ മിട്ടായി കൊടുത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു.
തിരുവനന്തപുരം | പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് സ്ഥിരം കുറ്റവാളിയെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുത്ത് പല സ്ഥലങ്ങളെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.കുട്ടി കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു. നൂറിനു മുകളിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതി ഹസൻ കുട്ടി എന്ന കബീർ. ഇയാൾ പല കേസുകളിലും പ്രതിയാണ്. 2022 ൽ പെൺകുട്ടിയെ മിട്ടായി കൊടുത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയാണ്. ജനുവരി 12 നാണ് ജയിലിൽ നിന്നിറങ്ങിയത്. സിസിടിവി ദൃശ്യങ്ങളും ജയിലും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം നിർണ്ണായകമായി. സ്ഥിരമായി പോക്സോ സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളിൽ ചെയ്യുന്ന ആളാണെന്നും കമ്മീഷണർ പറഞ്ഞു.
രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽരേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയുടെ രേഖാചിത്രം തയ്യാറാക്കിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്മീഷണർ 6 മണിക്ക് മാധ്യമങ്ങളെ കാണുന്ന അവസരത്തിൽ വിശദീകരിക്കും.