ഉമ്മൻചാണ്ടിക്കും ,വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭ

കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അചഞ്ചലമായ ദൈവ വിശ്വാസിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു

0

തിരുവനന്തപുരം| അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻ സ്പീക്കർ വക്കംപുരുഷോത്തമനും ആദരമർപ്പിച്ച് പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം നിയമസഭ സമ്മേളനത്തിന് തുടക്കമായി. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അചഞ്ചലമായ ദൈവ വിശ്വാസിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു. കുരിശിലേറ്റിയ ശേഷം ക്രൂശിച്ചവർ തന്നെ ഉമ്മൻചാണ്ടി നീതിമാനാണെന്ന് പറഞ്ഞുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആൾക്കൂട്ടത്തെ ഊർജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു. പൊതു പ്രവർത്തകർക്ക് ഉമ്മൻചാണ്ടി എന്നും മാതൃകയായിരുന്നു. ജനക്ഷേമത്തിനും സംസ്ഥാന വികസനത്തിനും ഊന്നൽ നൽകിയിരുന്ന പൊതു പ്രവർത്തകനും നിയമസഭാ സാമാജികനും ആയിരുന്നു ഉമ്മൻചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു. സ്പീക്കർ പദവിക്ക് അനുകരണീയ മാതൃകയായിരുന്നു വക്കം പുരുഷോത്തമനെന്നും സ്പീക്കർ അനുസ്മരിച്ചു. കേരളാ നിയമസഭയുടെ ഏറ്റവും കൂടുതൽ കാലം സ്പീക്കരായിരുന്ന വ്യക്തിയാണ് അദ്ദേഹം. കൃത്യനിഷ്ഠയും നിശ്ചയ ദാർഡ്യവുമായിരുന്നു വക്കത്തിന്റെ സവിശേഷതയെന്നും സ്പീക്കർ അനുസ്മരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. അത്യപൂര്‍വ്വ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. ഒരേ മണ്ഡലത്തെ അര നൂറ്റാണ്ടിലേറെ പ്രതിനിധീകരിക്കുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുകയൊക്കെ ലോക പാര്‍ലമെന്റ് ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമാണ്. കേരളം വിട്ടുപോകാത്ത മനസായിരുന്നു ഉമ്മന്‍ചാണ്ടിയുടേത്. കഴിവും കാര്യക്ഷമതയുമുള്ള ഭരണാധികാരിയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ട് കാലമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ പങ്കുവഹിച്ചു. രാഷ്ട്രീയമായി എതിര്‍ ചേരിയില്‍ നില്‍ക്കുമ്പോഴും നല്ല സൗഹൃദമായിരുന്നു അദ്ദേഹവുമായുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കല്ലുകളും മുള്ളുകളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച് സാധാരണക്കാരനെ നെഞ്ചിലേറ്റി നടന്ന വളരെ വ്യത്യസ്തനായ രാഷ്ട്രീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 53 വർഷത്തിനുശേഷം ഉമ്മൻചാണ്ടിയില്ലാതെ കേരള നിയമസഭ ഒരു യോഗം ചേരുകയാണ്. നിയമസഭയ്ക്കകത്ത്‌ നടപടികൾ തുടങ്ങുമ്പോൾ സാന്നിധ്യമായി എല്ലാദിവസവും ഉമ്മൻ‌ചാണ്ടി ഉണ്ടായിരുന്നുവെന്നും വി ഡി സതീശൻ ഓർമിച്ചു.

ജനക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനം. വളരെ വ്യത്യസ്തനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. മറ്റുള്ളവരോട് ഉമ്മൻ‌ ചാണ്ടി കാണിച്ച സഹതാപവും സ്നേഹവും ചേർത്തുനിർത്തലുമായിരുന്നു ഏറ്റവും പ്രധാനം. ഭക്ഷണം പോലും മറന്നുകൊണ്ട് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ സഞ്ചരിച്ചു. അദ്ദേഹമൊരു നീതിമാനായിരുന്നു. ആ നീതിമാൻ ഉയിർത്തെഴുന്നേൽക്കുന്നത് ജനഹൃദയങ്ങളിലായിരിക്കുമെന്നും പ്രതിപക്ഷനേതാവ് നിയസഭയിൽ പറഞ്ഞു.

You might also like

-