ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കാം മെമ്മറി കാർഡ് കാണാനില്ല
സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു 24 നോട് പറഞ്ഞു. മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും യദു പ്രതികരിച്ചു
തിരുവനന്തപുരം| മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകമാകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡിവിആര്‍(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്എച്ച്ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അതേസമയം സംഭവം നടക്കുന്ന സമയത്ത് ബസ്സിൽ വിഡിയോ റെക്കോർഡ് ചെയ്തിരുന്നതായി യദു 24 നോട് പറഞ്ഞു. മെമ്മറി കാർഡ് എടുത്തു മാറ്റിയതാവാം. തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നു എന്നും യദു പ്രതികരിച്ചു.അവരുടെ പാർട്ടി തന്നെയാണല്ലോ ഇരിക്കുന്നതെന്നും അതുകൊണ്ട് മെമ്മറി കാർഡ് എടുത്തുകൊണ്ട് പോവുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകുമെന്നും യദു പ്രതികരിച്ചു. താനൊരു സാധാരണ ജീവനക്കാരനാണ്. അവരിത് സെലിബ്രേറ്റ് ചെയ്യുകയാണെന്നും യദു പറഞ്ഞു.താൻ അശ്ലീല ചേഷ്ട കാണിച്ചുവെന്നത് തെളിയിക്കേണ്ട ആവശ്യം അവർക്കാണ് ഉള്ളതെന്നും യദു കൂട്ടിച്ചേർത്തു. തനിക്കെതിരെ അപമര്യാദയായി പെരുമാറിയെന്ന പേരിൽ മുൻപ് ഒരു സ്ത്രീ നൽകിയ പരാതി രാഷ്ട്രീയമാണ്. കമ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു സ്ത്രീ നൽകിയ പരാതിയാണത്. നിയമപരമായി മുന്നോട്ട് പോയ കേസിൽ തന്നെ വെറുതെവിട്ടിരിക്കുന്നുവെന്ന് കോടതി വിധിക്കുകയായിരുന്നുവെന്നും യദു വ്യക്തമാക്കി.
മേയര്‍ക്കും എംഎല്‍എക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്. അതിനിടെ ബസ് സര്‍വീസ് തടഞ്ഞ മേയര്‍ക്കും എംഎല്‍എക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്‌യു പരാതി നല്‍കിയിരുന്നു. നടുറോഡില്‍ ബസിന് മുന്നില്‍ മേയറുടെ കാര്‍ കുറുകെ നിര്‍ത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തില്‍, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്.