ട്രെയിനില്‍ സേഫ്റ്റിപിന്‍ ഉപയോഗിച്ചു അക്രമം കാണിച്ച ട്രാന്‍സ്ജെന്‍ഡേഴ്സിന് 24 മണിക്കൂറിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി
അഞ്ചു ദിവസത്തെ തടവിനും 10,100 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്
കൊച്ചി: ട്രെയിനില്‍ അക്രമം കാണിച്ച ഇതര സംസ്ഥാന ട്രാന്‍സ്ജെന്‍ഡേഴ്സിന് 24 മണിക്കൂറിനുള്ളില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ചു ദിവസത്തെ തടവിനും 10,100 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം റെയില്‍വേ മജിസ്ട്രേറ്റ് കോടതിയുടേതാണു വിധി.
സേഫ്റ്റിപിന്‍ ഉപയോഗിച്ചു ട്രെയിന്‍ യാത്രക്കാരെ കുത്തി നിര്‍ബന്ധപൂര്‍വം പണം പിരിച്ച ഏഴ് ട്രാന്സ്ജെന്ഡേഴ്സിനെ റെയില്‍വേ പോലീസ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി പിടികൂടിയിരുന്നു. ബംഗാള്‍ സ്വദേശികളായ ബബ്ലി (23), ചുംകി (25), ആസാം സ്വദേശികളായ പ്രിയങ്ക (28), സജന (25), ബസ്രിനിസ (39), കാജോള്‍ (20), സ്വപ്ന (24) എന്നിവരെയാണ് ആലുവ ആര്‍പിഎഫും സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ യാത്രക്കാരോട് ട്രാന്സ്ജന്ഡറുകള് മോശമായി പെരുമാറുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് പരിശോധന ശക്തമാക്കി വരികയായിരുന്നു. ഉത്തരേന്ത്യയില്‍നിന്നു കേരളത്തിലേക്കു വന്ന ഗോഹട്ടി എക്സ്പ്രസ്, ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനുകളില്നിന്നാണ് ഇവരെ പിടികൂടിയത്.
ആലുവ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ എറണാകുളം നോര്‍ത്തിലെ റെയില്‍വേ കോടതിയിലെത്തിച്ച് അഞ്ചു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏഴു പേരും ചേര്‍ന്ന് 10,100 രൂപ പിഴ അടയ്ക്കാനും ശിക്ഷിക്കുകയായിരുന്നു. ഏഴുപേരെയും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്.