തമിഴകത്ത് തരംഗമായി സ്റ്റാലിന്‍; ഇനി മുഖ്യമന്ത്രി കസേരയിലേക്ക്
234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ 132 മണ്ഡലങ്ങളിലാണ് ഡി.എം.കെയുടെ മുന്നേറ്റം. 101 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നു.
തമിഴ്നാട്ടില്‍ വളരെ നിര്‍ണായകമായ തെരഞ്ഞെടുപ്പങ്കം അവസാനഘട്ടത്തിലേക്കടുക്കുമ്പോള്‍ പത്തു വര്‍ഷത്തിനു ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കാനൊരുങ്ങുകയാണ് ഡി.എം.കെ. ഇതോടെ മുത്തുവേൽ കരുണാനിധിയുടെ മകൻ സ്റ്റാലിൻ മുഖ്യമന്ത്രി പദത്തിലേക്ക് ആദ്യമായി നടന്നടുക്കുകയാണ്. 234 അംഗ നിയമസഭയിൽ 234 സീറ്റുകളിലെയും ലീഡുനില പുറത്തുവരുമ്പോൾ 132 മണ്ഡലങ്ങളിലാണ് ഡി.എം.കെയുടെ മുന്നേറ്റം. 101 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെ ലീഡ് ചെയ്യുന്നു.
താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം പ്രസിഡന്‍റ് കമല്‍ഹാസനാണ് ലീഡ് ചെയ്യുന്നത്. കോയമ്പത്തൂര്‍ സൗത്തില്‍ മാത്രമാണ് എം.എന്‍.എം മുന്നിലുള്ളത്. അന്തിമ ഫലം വരുമ്പോൾ കിട്ടിയ വോട്ടുവിഹിതം എത്രയെന്നത് ചർച്ചയാവും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ലഭിച്ച നാലു ശതമാനം ഉയര്‍ത്താന്‍ കഴിയുമോ എന്നതാണ് സുപ്രധാനമായ ചോദ്യം. ഇത് കമന്‍ഹാസന്‍റെ രാഷ്ട്രീയ ഭാവിയെയും നിര്‍ണയിക്കും.
ഈ തെരഞ്ഞെടുപ്പ് കാലത്ത് തമിഴ്നാട് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കാത്തിരുന്ന മറ്റൊരു ചലച്ചിത്ര താരമായിരുന്നു ഖുശ്ബു സുന്ദര്‍. എന്നാല്‍ ഖുശ്ബു തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ ആയിരക്കണക്കിന് വോട്ടുകള്‍ക്ക് പിന്നിലാണ്. ഡി.എം.കെയുടെ എഴിലനാണ് മുന്നിലുള്ളത്. ദേശീയ നേതാക്കളെയടക്കം കളത്തിലിറക്കി കൊണ്ടുപിടിച്ച പ്രചാരണതന്ത്രങ്ങളിറക്കിയ ബി.ജെ.പിയുടെ ശ്രമങ്ങള്‍ തമിഴ്നാടിന്‍റെ മണ്ണില്‍ വിഫലമായെന്നാണ് ഫലസൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.
എക്സിറ്റ് പോള്‍ പ്രവചിചനം ശരിവയ്ക്കുന്നതാണ് ഡി.എം.കെ മുന്നണിയുടെ മുന്നേറ്റം. 1996 നു ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡി.എം.കെ കടന്നു. ഡി.എം.കെയുടെ ചുമലിലേറി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോൺഗ്രസിനും അവസരം തെളിഞ്ഞിരിക്കുകയാണ്. മറ്റു കക്ഷികളായ സി.പി.എം, സി.പി.ഐ, മുസ്‍ലിം ലീഗ് കക്ഷികൾക്കും ഡി.എം.കെ അനുകൂല തരംഗത്തിന്‍റെ ഗുണം ലഭിക്കും. ഡി.എം.കെ മുന്നണിയിൽ കോൺഗ്രസ് 13സീറ്റിലും എം.ഡി.എം.കെ 3, സി.പി.എം 2, സി.പി.ഐ 2, വി.സി.കെ 3, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് കക്ഷിനില.
സ്റ്റാലിന്‍റെയും ഡി.എം.കെ സഖ്യത്തിന്‍റെയും മികച്ച പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് പ്രമുഖര്‍ രംഗത്ത് വരുന്നുണ്ട്. അര്‍ഹിക്കുന്ന ജയമാണെന്നാണ് എന്‍.സി.പി നേതാവ് ശരത് പവാര്‍ അഭിനന്ദിച്ചത്. അതേസമയം, ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും നൃത്തം ചെയ്തുമാണ് ആഘോഷം.