“ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ്”ഡല്‍ഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്
ചാവേർ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാൾ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാൻ പോവുകയാണെന്ന് ഉറപ്പിക്കുമ്പോൾ അയാൾ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവർക്ക് മുന്നിൽ ഇല്ല
ഡല്‍ഹി| ഡല്‍ഹി സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമര്‍ നബിയുടെ വീഡിയോ പുറത്ത്. സ്‌ഫോടനത്തിന് തൊട്ട് മുന്‍പായി ചിത്രീകരിച്ച വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ചാവേറാക്രമണത്തെ ന്യായീകരിക്കുന്നതാണ് വീഡിയോ. ഇംഗ്ലീഷിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചാവേര്‍ ബോംബിംഗ് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു രക്തസാക്ഷിത്വ പ്രവര്‍ത്തനമാണെന്നാണ് ഉമര്‍ വിശദീകരിക്കുന്നത്.
‘ചാവേർ ആക്രമണത്തെക്കുറിച്ച് ലോകത്ത് തെറ്റായ ചിന്താഗതിയാണ് ഉള്ളത്. ഒരാൾ നേരത്തെ നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് മരിക്കാൻ പോവുകയാണെന്ന് ഉറപ്പിക്കുമ്പോൾ അയാൾ ഭയാനകമായ മാനസികാവസ്ഥയിലേക്ക് പോകുന്നു. മരണമല്ലാതെ മറ്റൊരു പോംവഴിയും അവർക്ക് മുന്നിൽ ഇല്ല എന്ന് വ്യക്തമാകുന്നു. ഇത് ഒരുതരത്തിലും ന്യായീകരിക്കപ്പെടുന്നില്ല. ഇത്തരം ചിന്താഗതി ജീവിതത്തിന്റെയും സമൂഹത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്’, ഉമർ പറയുന്നു. ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്‌ഫോടനം നടത്തിയ ഭീകരർ ഹമാസ് മോഡൽ ആക്രമണം ലക്ഷ്യമിട്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇവർ അത്യാധുനിക രീതിയിലുള്ള ഡ്രോൺ ആക്രമണത്തിന് പദ്ധതിയിട്ടെന്ന് സൂചനയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാ ക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
അതേസമയം, കുറ്റവാളികൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.പ്രതികൾക്ക് കടുത്ത ശിക്ഷ നൽകും.ഭീകരതയുടെ വേര് അറക്കുക എന്നത് തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. സോണൽ കൗൺസിൽ യോഗത്തിൽ ആയിരുന്നു പരാമർശം.