തൊഴിലാളി-കർഷക ദ്രോഹനയങ്ങൾ,ഇന്ന് ദേശീയ പണിമുടക്ക്
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നൽകുക; ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക;
ഡൽഹി :കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക ദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്‌ച രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കും. കർഷക-കർഷകത്തൊഴിലാളി സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഗ്രാമീണ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപവീതം നൽകുക; ആവശ്യക്കാരായ എല്ലാവർക്കും പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക; തൊഴിലുറപ്പ് തൊഴിൽദിനങ്ങൾ 200 ആക്കുക, വേതനം വർധിപ്പിക്കുക; പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക; കർഷകദ്രോഹ നിയമങ്ങളും തൊഴിലാളിവിരുദ്ധ കോഡുകളും പിൻവലിക്കുക; കേന്ദ്ര സർവീസ് പൊതുമേഖലാ ജീവനക്കാരെ നിർബന്ധപൂർവം പിരിച്ചുവിടുന്നത് നിർത്തുക; എല്ലാവർക്കും പെൻഷൻ നൽകുക, പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പിഎഫ് പെൻഷൻ പദ്ധതി മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്ത് ദേശീയ ട്രേഡ് യൂണിയനും കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ സംഘടനകളും ചേർന്നാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.
ബാങ്കിങ്, ഇൻഷുറൻസ്, എണ്ണ-പ്രകൃതിവാതകം, ഊർജം, തുറമുഖം, കൽക്കരി അടക്കമുള്ള ഖനിമേഖലകൾ, സിമന്റ്, സ്‌റ്റീൽ, തപാൽ, ടെലികോം, പൊതു-സ്വകാര്യ വാഹനഗതാഗതം, പ്രതിരോധം, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ആശ-അങ്കണവാടി തുടങ്ങി പദ്ധതിത്തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ തുടങ്ങി എല്ലാവിഭാഗവും പണിമുടക്കിൽ അണിനിരക്കുന്നതോടെ രാജ്യമാകെ നിശ്ചലമാക്കും പണിമുടക്ക്
ഡിസംബറിലെ കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്.ബാരിക്കേഡുകള്‍ മറികടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്തുതന്നെയായാലും പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ അവര്‍ ഡല്‍ഹിയിലേക്ക് തിരിക്കും.ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.