സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല

തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ മലപ്പുറം ജില്ലയാണ്

0

ആരോഗ്യവകുപ്പ് സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ കുട്ടികളെ എത്തിക്കാതിരുന്നതിനാല്‍ സംസ്ഥാനത്തെ 4,90,645 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനായില്ല. തുള്ളിമരുന്ന് വിതരണത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നില്‍ മലപ്പുറം ജില്ലയാണ്. ഇവിടത്തെ 46 ശതമാനം കുട്ടികള്‍ക്കും പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടി നടന്ന ജനുവരി 19-ന് പോളിയോ തുള്ളിമരുന്ന് നല്‍കിയിട്ടില്ല.

സംസ്ഥാനത്തെ 24,50,477 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 19,59,832 കുട്ടികള്‍ക്ക് 19-ന് തുള്ളിമരുന്ന് നല്‍കി. ആകെ കുട്ടികളുടെ 80 ശതമാനമാണിത്. 20 ശതമാനം കുട്ടികള്‍ ഇപ്പോഴും വാക്സിനേഷന് പുറത്താണ്

ചൊവ്വാഴ്ചവരെ വീടുകളില്‍ നേരിട്ടെത്തി ആരോഗ്യവകുപ്പ് അധികൃതര്‍ തുള്ളിമരുന്ന് നല്‍കും. എന്നാല്‍, ഇതിനോട് മുഖംതിരിക്കുന്ന രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ടത്തെ കണക്കുകൂടി ലഭ്യമായാലേ ആരോഗ്യവകുപ്പിന്റെ ബോധവത്കരണം വിജയിച്ചോയെന്ന് വ്യക്തമാകൂ.

തുള്ളിമരുന്ന് വിതരണം ജില്ല ശതമാനം

  • തിരുവനന്തപുരം 96
  • കൊല്ലം 90
  • പത്തനംതിട്ട 87
  • ആലപ്പുഴ 89
  • കോട്ടയം 88
  • ഇടുക്കി 98
  • എറണാകുളം 92
  • തൃശ്ശൂര്‍ 88
  • പാലക്കാട് 77
  • മലപ്പുറം 54
  • കോഴിക്കോട് 80
  • വയനാട് 79
  • കണ്ണൂര്‍ 82
  • കാസര്‍കോട് 71
You might also like

-