എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും.മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യത

ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

0

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

ഇന്ന് 28,514 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,26,028 പരിശോധനകള്‍ നടത്തി. 176 പേര്‍ മരണമടഞ്ഞു. ഇപ്പോള്‍ ആകെ ചികിത്സയിലുള്ളത് 2,89,283 പേരാണ്. ഇന്ന് 45,400 പേര്‍ രോഗമുക്തരായി.

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ

എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും. എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 ജൂണ്‍ വരെയും നടത്തും. ഹയര്‍ സെക്കണ്ടറി,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ ഏഴു വരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ വാക്സിനേറ്റ് ചെയ്യും. അത് മൂല്യനിര്‍ണയത്തിന് മുമ്പ് പൂര്‍ത്തീകരിക്കും. വിശദാംശങ്ങൾ ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ആലോചിക്കും.

പിഎസ്സിയുമായി ചര്‍ച്ച

പിഎസ്സി അഡ്വൈസ് കാത്തിരിക്കുന്നവരുണ്ട്. അത് ഓണ്‍ലൈനായി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പിഎസ്സിയുമായി ചര്‍ച്ച ചെയ്യും.
ബ്ലാക് ഫംഗസ്

ബ്ലാക് ഫംഗസ് സംബന്ധിച്ച് മെഡിക്കല്‍ ഓഡിറ്റ് നടത്തും. മരുന്ന് ലഭ്യത ഉറപ്പു വരുത്തും. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത മരുന്നുകള്‍ വില കൂടിയതാണെങ്കില്‍ പോലും കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൃദ്ധ സദനങ്ങളില്‍ വിവിധ രോഗങ്ങള്‍ ഉള്ളവര്‍ കാണും. അത് കൃത്യമായ പരിശോധന നടത്തും. സാമൂഹ്യ സുരക്ഷാ, സാമൂഹ്യ ക്ഷേമ വകുപ്പുകള്‍ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ ശ്രദ്ധിക്കും.

ചില മത്സ്യ മാര്‍ക്കറ്റ്, പച്ചക്കറി മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് ഗൗരവമായി പരിശോധിച്ച് നിയന്ത്രണ വിധേയം ആക്കണം. ഇതിന് പൊലീസും സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഇടപെടണം.

മൂന്നാം തരംഗം

മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് സാര്‍വദേശീയ തലത്തിലും രാജ്യത്തും ചര്‍ച്ച നടക്കുന്നുണ്ട്. വാക്സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് ഒരു കാരണമായേക്കുക. വാക്സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ട്. എന്നാല്‍, ഇവരും രോഗ വാഹകരാകാം. വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കോവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

കോവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാല്‍ അതിന്‍റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാം. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിനു ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർദ്ധിക്കുന്നതായി കാണുന്നത്. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയമാണിത്. ഇന്നലെ പറഞ്ഞതു വീണ്ടും ആവര്‍ത്തിക്കുകയാണ്. ഈ ഘട്ടത്തെ നേരിടാനാവശ്യമായ ശക്തമായ മുന്‍കരുതലുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണം. ജീവന്‍ സംരക്ഷിക്കുക എന്നതാണ് ഇപ്പോള്‍ നമ്മുടെ പ്രാഥമികമായ കര്‍ത്തവ്യം.

രണ്ടാമത്തെ കോവിഡ് തരംഗം പുതിയ ചില പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. എത്രത്തോളം രോഗബാധ ഉയരാം; വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണികളുയര്‍ത്താം; നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ അതിനനുസരിച്ച് എങ്ങനെ തയ്യാറെടുക്കണം; മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ വിന്യസിക്കണം; സാമൂഹ്യജാഗ്രത എത്തരത്തില്‍ പ്രായോഗികവല്‍ക്കരിക്കണം ഇങ്ങനെയുള്ള കാര്യങ്ങളില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ പുതിയ കോവിഡ് തരംഗത്തിന്‍റെ അനുഭവങ്ങള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള ശക്തമായ സാധ്യതകള്‍ നിലനില്‍ക്കേ ഈ അനുഭവങ്ങളെ വിശദമായി വിലയിരുത്തി കൂടുതല്‍ മികച്ച പ്രതിരോധത്തിനായി തയ്യാറെടുക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഉടനടി ആരംഭിക്കും.

ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ പരിപൂര്‍ണമായ പിന്തുണയാണ് രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ വലിയ നാശം വിതച്ച രണ്ടാം തരംഗത്തെ നമ്മുടെ നാട്ടില്‍ പിടിച്ചുനിര്‍ത്താന്‍ സഹായകമായ പ്രധാന ഘടകം. അനേകം വിഷമതകളെ അതിജീവിച്ച് ദൃഢനിശ്ചയത്തോടെ സര്‍ക്കാരിനൊപ്പം നിന്നത് ജനങ്ങളാണ്. ഈ ജാഗ്രത കുറച്ചു നാളുകള്‍ കൂടെ ഇതേപോലെ കര്‍ശനമായ രീതിയില്‍ തുടരേണ്ടതുണ്ട്.

ഭീതിജനകവുമായ സന്ദേശങ്ങള്‍

ബ്ലാക്ക് ഫംഗസ് എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂകര്‍മൈകോസിസ് രോഗവുമായി ബന്ധപ്പെട്ട നിരവധി അശാസ്ത്രീയവും ഭീതിജനകവുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. അത്തരത്തിലുള്ള ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. മ്യൂകര്‍മൈകോസിസ് വളരെ അപൂര്‍വമായ രോഗാവസ്ഥയാണ്. മുന്‍പ് വിശദമാക്കിയതുപോലെ വളരെ ചുരുക്കം ആളുകളില്‍ മാത്രമാണ് ഈ രോഗം ബാധിക്കാറുള്ളത്.
നിലവില്‍ കാറ്റഗറി സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു പക്ഷേ, മ്യൂകര്‍മൈകോസിസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തേക്കാം. ഗുരുതരമായ പ്രമേഹ രോഗമുള്ളവരിലാണ് ഈ രോഗം കൂടുതലായി കാണുന്നത് എന്നതിനാല്‍ അവരെ കോവിഡ് ബാധിച്ചാല്‍ നല്‍കേണ്ട ചികിത്സാ മാനദണ്ഡങ്ങള്‍ കൃത്യമായി ആശുപത്രികള്‍ക്ക് നല്‍കിയിട്ടുണ്ട്. പ്രമേഹ രോഗം നിയന്ത്രണ വിധേയമായി നിലനിര്‍ത്താനുള്ള പ്രത്യേക ശ്രദ്ധ രോഗികളുടെ ഭാഗത്തു നിന്നുമുണ്ടാവുകയും വേണം.

മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. അവിടെ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി പരിശോധന 75,000 ആയി ഉയര്‍ത്തും. ജില്ലയില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. നിലവിലുളള നിയന്ത്രണങ്ങള്‍ ഫലവത്തായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണസംവിധാനത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമുളള എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനവിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നു രാവിലെ പിന്‍വലിച്ചു. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണും ബാക്കി എല്ലാ ജില്ലകളിലും ലോക്ഡൗണുമാണ് ഇപ്പോള്‍ നിലവിലുളളത്.
കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,620 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,494 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 34,61,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തലില്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചു. ആദ്യ ദിവസം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കാണു വാക്സിന്‍ നല്‍കിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കും.

വീടുകളില്‍ ക്വാറന്‍റൈനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ മരുന്നുകള്‍ കഴിക്കുമ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം തന്നെയായിരിക്കുക എന്നത് വളരെ പ്രധാനമാണ്. പകരം, സ്വയം ചികിത്സിക്കാനോ, വൈദ്യശാസ്ത്രത്തില്‍ നിയമപരമായ അംഗീകാരമില്ലാത്ത വ്യാജ ചികിത്സകരുടെ ചികിത്സ സ്വീകരിക്കാനോ പാടില്ല. അത്തരം രീതികള്‍ രോഗാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രത്യേകിച്ച് പ്രമേഹ രോഗികളും മറ്റു ഗുരുതര രോഗാവസ്ഥയുള്ളവരും ഇക്കാര്യം വളരെ കര്‍ശനമായി പാലിക്കണം.

മണ്‍സൂണ്‍ കാലം

മണ്‍സൂണ്‍ കാലം ആരംഭിക്കാന്‍ ഇനി അധിക ദിവസങ്ങളില്ല. കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ അനുഭവങ്ങള്‍ വളരെ കരുതലോടെ ഈ കാലത്തെ നേരിടണമെന്ന പാഠമാണ് നമുക്ക് നല്‍കിയിട്ടുള്ളത്. കോവിഡ് രോഗവ്യാപനം കൂടി നിലനില്‍ക്കുന്ന കാലമായതിനാല്‍ നമുക്കു മുന്നിലുള്ള വെല്ലുവിളി കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തെ മുന്‍കൂട്ടിക്കണ്ടുകൊണ്ട് ആരോഗ്യസംവിധാനങ്ങളെ സജ്ജമാക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.

ഒന്നാം തല രണ്ടാം തല കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ കോവിഡ് നേരിടാന്‍ വേണ്ടി മാത്രമായി ഉണ്ടാക്കിയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ ശക്തമായ മഴ മൂലമുണ്ടായേക്കാവുന്ന പ്രളയങ്ങളോ മണ്ണിടിച്ചിലോ പോലുള്ള ദുരന്തങ്ങള്‍ ബാധിച്ചേക്കാം. ക്യാമ്പുകളില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകാനുള്ള സാഹചര്യങ്ങളും മുന്‍കൂട്ടി കാണേണ്ടതുണ്ട്. അതോടൊപ്പം കോവിഡ് രോഗബാധയുള്ളവരുമായി ഇടകലരാനുള്ള സാധ്യതയും ക്യാമ്പുകളില്‍ ഉണ്ടാകാം. മണ്‍സൂണ്‍ കാലരോഗങ്ങളും മഴ ഉണ്ടാക്കുന്ന ദുരന്തങ്ങളില്‍ പെട്ടുണ്ടാകുന്ന അപകടങ്ങളും കാരണം ആശുപത്രികളിലെ സൗകര്യങ്ങള്‍ അപര്യപ്തമായേക്കാവുന്ന സാഹചര്യവും ഉടലെടുക്കാം. ഈ പ്രശ്നങ്ങളെല്ലാം പരമാവധി മറികടക്കാന്‍ സാധിക്കുന്ന മുന്നൊരുക്കങ്ങള്‍ ആണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിന്‍റെ ഭാഗമായി പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളുടേയും സമഗ്രമായ ലിസ്റ്റ് തയ്യാറാക്കുകയാണ്. ഓരോ ആരോഗ്യ കേന്ദ്രത്തിലും അത്തരം ആപത്ഘട്ടങ്ങളില്‍ അവിടെ നിന്നും അടിയന്തരമായി മാറ്റേണ്ട ഉപകരണങ്ങളുടേയും മറ്റു വസ്തുക്കളുടേയും കൃത്യമായ ലിസ്റ്റ് തയ്യാറാക്കി വയ്ക്കും. അതോടൊപ്പം അവയെല്ലാം മാറ്റി പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കുന്ന സാധ്യതാ സ്ഥലങ്ങളും കണ്ടു വയ്ക്കും.

പ്രധാന ആശുപത്രികളിലെല്ലാം മാസ് കാഷ്വാലിറ്റി ട്രയാജ് പ്രോട്ടോക്കോള്‍, അതായത്, വലിയ അത്യാഹിതങ്ങളെ എങ്ങനെ നേരിടാമെന്നുള്ളതിനുള്ള മാനദണ്ഡം നടപ്പിലാക്കും. അതിനാവശ്യമായ പരിശീലനങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളുടെ കാര്യക്ഷമതാ പരിധിയ്ക്ക് മുകളിലോട്ട് പെട്ടെന്നു രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണെങ്കില്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ സര്‍ജ് കപ്പാസിറ്റി പ്ളാനും തയ്യാറാക്കുകയും, നടപ്പിലാക്കാന്‍ ആവശ്യമായ പരിശീലനങ്ങളും നല്‍കും. അത്യാഹിത ഘട്ടങ്ങളോട് പിഴവില്ലാത്ത രീതിയില്‍ പ്രതികരിക്കാന്‍ സഹായകമായ ഹോസ്പിലറ്റ് എമര്‍ജന്‍സി റെസ്പോണ്‍സ് പ്ലാനും തയ്യാറാക്കി പരിശീലനം നല്‍കും. ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ ഏകോപനം ഉറപ്പു വരുത്തുന്നതിനായി ആശയവിനിമയ സംവിധാനവും ഒരുക്കും.

ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ ചികിത്സയിലുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചികിത്സയില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ചികിത്സ മുടങ്ങാന്‍ പാടില്ലാത്ത ഗുരുതരമായ രോഗാവസ്ഥയുള്ളവരുടെ സമഗ്രമായ ലിസ്റ്റുകളും തയ്യാറാക്കും. അത്യാഹിത ഘട്ടങ്ങളില്‍ ഇവരുടെ ചികിത്സകള്‍ മുടങ്ങാതെ നോക്കുന്നതിനു വേണ്ടിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്. ഈ ആളുകളെല്ലാം അവരുടെ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ നിര്‍ബന്ധമായും കയ്യില്‍ സൂക്ഷിച്ചു വയ്ക്കണം. അതോടൊപ്പം അത്യാവശ്യ ഘട്ടങ്ങളില്‍ ബന്ധപ്പെടാനായി ജില്ലാ കണ്ട്രോള്‍ സെല്‍, വാര്‍ഡ് മെമ്പര്‍, ഏതെങ്കിലും സന്നദ്ധസംഘടനയില്‍ ഉള്ള വളണ്ടിയര്‍മാരുടെ നമ്പറുകള്‍ എന്നിവയും സൂക്ഷിക്കണം. ഇത്തരം രോഗികള്‍ക്ക് ആശുപത്രികളില്‍ നിന്നും മരുന്നുകള്‍ ഒരു മാസത്തേയ്ക്ക് നല്‍കുകയും വേണം. ആശുപത്രികള്‍ എല്ലാം രണ്ടാഴ്ചകളിലേയ്ക്കുള്ള മരുന്നുകളുടെ സ്റ്റോക്ക് കൂടുതലായി എപ്പോഴും കരുതണം. ഡോക്സി സൈക്ളിന്‍, ഒആര്‍എസ്, ബ്ലീച്ഛിങ് പൗഡര്‍, മാസ്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ നിര്‍ബന്ധമായും ആ സ്റ്റോക്കില്‍ ആവശ്യത്തിനുണ്ടാകണം.

ഗര്‍ഭിണികള്‍, കിടപ്പിലായവര്‍, ഭിന്നശേഷിയുള്ളവര്‍ തുടങ്ങി ദുരന്തഘട്ടങ്ങളില്‍ ഏറ്റവും ആദ്യം സഹായമെത്തിക്കുകയും സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്യേണ്ടവരുടെ ലിസ്റ്റുകളും തയ്യാറാക്കുകയാണ്. ഇവരുടെ വീടുകള്‍ മാപ്പ് ചെയ്യുകയും വേണം. അതിനു പുറമേ, ഇവരെ വളണ്ടിയര്‍മാരുമായി ബന്ധപ്പെടുത്തുകയും അവശ്യഘട്ടങ്ങളില്‍ കാലതാമസമില്ലാതെ അവിടെയെത്തി അവരെ സുരക്ഷിതരാക്കാന്‍ സാധിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണം.
ഗതാഗത സൗകര്യങ്ങള്‍ ഒരുക്കുമ്പോളും ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളായവര്‍ക്കും ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്കും, അല്ലാത്തവര്‍ക്കും പ്രത്യേക വാഹന സൗകര്യങ്ങള്‍ ഒരുക്കണം. വെള്ളം കയറുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വിധത്തില്‍ തറയില്‍ നിന്നും കൂടുതല്‍ ഉയരമുള്ള വാഹനങ്ങള്‍ ആയിരിക്കണം കരുതേണ്ടത്. അതുപോലെത്തന്നെ ആംബുലന്‍സുകളായി ഉപയോഗിക്കാന്‍ കഴിയുന്ന വാഹനങ്ങളും കണ്ടെത്തണം,
വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ പാമ്പു കടിയേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള ‘ആന്‍റി സ്നേയ്ക്ക് വെനം’ ആശുപത്രികളില്‍ കരുതേണ്ടതാണ്. ഡോക്റ്റര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പാമ്പു കടിയേറ്റാല്‍ നല്‍കേണ്ട ചികിത്സകളില്‍ ആവശ്യമായ പരിശീലനം ഉറപ്പു വരുത്തണം.

സന്നദ്ധ സേന
20 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍

20 വീടുകള്‍ക്ക് ഒരു വളണ്ടിയര്‍ എന്ന നിലയില്‍ സന്നദ്ധ സേനകളെ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. സന്നദ്ധ സേനാംഗങ്ങള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാനുള്ള പരിശീലനവും കിറ്റും നല്‍കണം. കൃത്യമായ ആശയവിനിമ നിര്‍ദ്ദേശങ്ങളും ഇവര്‍ക്ക് നല്‍കണം.
പ്രളയമുണ്ടാവുകയും ക്യാമ്പുകളിലേയ്ക്ക് മാറുകയും ചെയ്യുകയാണെങ്കില്‍ ആളുകള്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ ആവശ്യമായ സേവനങ്ങളും ഉറപ്പു വരുത്തണം. ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന പദ്ധതിയുടെ ഹെല്പ് ലൈനുകള്‍ വഴി ആ സേവനം ലഭ്യമാക്കണം.
‘ചെയിന്‍ കോള്‍’ എന്ന പേരില്‍ കോവിഡ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഒരു പ്രത്യേക പരിപാടിക്ക് കുടുംബശ്രീ രൂപം നല്‍കിയിട്ടുണ്ട്. എല്ലാ അയല്‍ക്കൂട്ടങ്ങളിലെയും ഓരോ അംഗത്തെയും ഫോണ്‍ ചെയ്ത് കോവിഡ് കാലത്ത് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കും. സഹായങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുമായി സംയോജിച്ച് ലഭ്യമാക്കുകയും ചെയ്യും. നാല് ലക്ഷത്തോളം കുടുംബങ്ങളെ ഇതുവരെ നേരിട്ട് വിളിച്ച് ബോധവല്‍ക്കരണം നടത്തി.

ഗൃഹപരിചരണം എങ്ങനെ കാര്യക്ഷമമാക്കാം, ക്വാറന്‍റൈന്‍ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ് തുടങ്ങി 15ലേറെ വിഷയങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ക്ലാസ്സുകളും കുടുംബശ്രീ അംഗങ്ങള്‍ക്കായി നല്‍കിവരുന്നു. ആരോഗ്യവകുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും സംയോജനത്തോടെ നടത്തുന്ന ഈ ക്ലാസ്സുകള്‍ താഴേത്തട്ടിലുള്ള ബോധവത്ക്കരണത്തിന് ഏറെ സഹായകമാകുമെന്ന് കരുതുന്നു.

കുടുംബശ്രീ സംഘടനാ സംവിധാനത്തിന്‍റെ ശക്തി ഉപയോഗിച്ച് ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ റിസോഴ്സ് പേഴ്സണ്‍മാരുടെ പൂള്‍ രൂപീകരിച്ച് ഒരു ബൃഹത് ക്യാമ്പെയ്ന്‍ കൂടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യുകയാണ്.
കേരളത്തിലെ 1063 ജനകീയ ഹോട്ടലുകളിലൂടെ ഓരോ ദിവസവും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പൊതിച്ചോര്‍ നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സാമൂഹ്യ നീതി വകുപ്പിന്‍റെ നേത്യത്വത്തില്‍ ഭിന്നശേഷി സഹായ കേന്ദ്രം ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ മൂവായിരത്തോളം എംഎസ്ഡബ്ലു വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരും സന്നദ്ധ സംഘടനകളും കുടുംബശ്രീയും നടത്തുന്ന സ്പെഷല്‍ സ്കൂളുകളും ഈ പദ്ധതി ഏകോപിപ്പിക്കും. ബ്ലോക്ക് തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ബിആര്‍സികളും ജില്ലാതലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ സാമൂഹ്യ നീതി വകുപ്പും പദ്ധതി നിര്‍വഹണം നടത്തും.തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലെ വാര്‍റൂം കേന്ദ്രീകരിച്ച് തന്നെയാവും ഇതിന്‍റെയും എകോപനം. വിവിധ ഭിന്നശേഷി അവകാശ സംഘടനകളും സ്പെഷല്‍ എഡ്യുക്കേഷന്‍ സ്ഥാപനങ്ങളും ഇതുമായി സഹകരിക്കും

You might also like

-