എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 30450 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും

ജില്ലയില്‍ 232 പരീക്ഷ കേന്ദ്രങ്ങളിലായി 30450 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 30271 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്

0

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 10 മുതല്‍ 26 വരെ
യുള്ള ദിവസങ്ങളില്‍ രാവിലെ 9.45 മുതല്‍ നടക്കും. കൊല്ലം റവന്യൂ ജില്ലയില്‍ പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ കലക്ടര്‍ ചെയര്‍മാനായി ജില്ലതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലയില്‍ 232 പരീക്ഷ കേന്ദ്രങ്ങളിലായി 30450 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. ഇതില്‍ 30271 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളാണ്. പട്ടത്താനം വിമല ഹൃദയ ഹൈസ്‌കൂളിലാണ് ഏറ്റവുമധികം പരീക്ഷാര്‍ഥികളുള്ളത്. ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് പേരയം എന്‍ എസ്.എസ്.എച്ച്.എസിലുമാണ്.
കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിധിയില്‍ പോലീസ് കാവലിലാണ് ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓരോ പരീക്ഷയ്ക്കുമുള്ളത് പരീക്ഷാകേന്ദ്രം അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ പരിശോധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തില്‍ തരംതിരിച്ച് ബാഗുകളിലാക്കി സീല്‍ ചെയ്താണ് പരീക്ഷാ കേന്ദ്രത്തിനടുത്തുള്ള ട്രഷറി/ബാങ്കുകളില്‍ സൂക്ഷിച്ചിട്ടുള്ളത്. ചോദ്യ പേപ്പറുകളുടെ സുഗമമായ വിതരണത്തിന് പരീക്ഷാ കേന്ദ്രങ്ങളെ 43 ക്ലസ്റ്ററുകളാക്കി ക്രമീകരിച്ചിട്ടുണ്ട്. 10 ട്രഷറികളിലും 10 ദേശസാല്‍കൃത ബാങ്കുകളിലുമായിട്ടാണ് ചോദ്യപേപ്പര്‍ ബാഗുകള്‍ സൂക്ഷിച്ചിട്ടുള്ളത്.ഓരോ പരീക്ഷ ദിവസവും രാവിലെ ആറു മുതല്‍ സായുധ പോലീസിന്റെ അകമ്പടിയോടെ കവചിതവാഹനത്തില്‍ ഇവ വിതരണം ചെയ്യുന്നതിന് 43 ക്ലസ്റ്ററുകളിലും ഡെലിവറി ഓഫീസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍മാര്‍, ഡിസ്ട്രിബ്യൂഷന്‍ അസിസ്റ്റന്റുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ വിതരണം അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തും.
പരീക്ഷയുടെ സുഗമമായ നടത്തിപ്പിലേയ്ക്കായി 232 ചീഫ് സൂപ്രണ്ടുമാരെയും 237 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരെയും 2130 ഇന്‍വിജിലേറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരടങ്ങുന്ന ഏഴു പരീക്ഷാ പരിശോധനാ സ്‌ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.
ഉത്തരക്കടലാസുകള്‍ ഓരോ പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകളിലേയ്ക്ക് അതത് ദിവസത്തെ പരീക്ഷ കഴിഞ്ഞതിന് ശേഷം ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടുമാര്‍ അയയ്ക്കും.

You might also like

-