ശ്രീലങ്കയിൽ മന്ത്രിമാർ കൂട്ടത്തോടെ രാജി വച്ചു രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിൽ

സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്

0

കൊളംബോ | സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കൻ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരുമാണ് രാജിവച്ചത്. മഹീന്ദ രാജപക്‌സെ പ്രധാനമന്ത്രിയായി തുടരുമെന്നാണ് വിവരം. മഹീന്ദ രാജപക്‌സെ രാജിവച്ചുവെന്ന തരത്തിലുള്ള അഭ്യൂഹം ഇന്നലെ രാത്രിയിൽ പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെ ഇത് നിഷേധിച്ച് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തുകയായിരുന്നു.ഇതിന് തൊട്ടുപിന്നാലെ അർദ്ധരാത്രിയോടെ പ്രത്യേക ക്യാബിനറ്റ് യോഗം ചേരുകയും, മന്ത്രിമാരെല്ലാം രാജിവയ്‌ക്കുകയും ചെയ്തുവെന്നാണ് ശ്രീലങ്കയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മന്ത്രിസഭയിലെ 26 പേരാണ് രാജിവച്ചത്. പ്രധാനമന്ത്രിയുടെ മകൻ നമൽ രാജപക്‌സെയും രാജിവച്ചവരിൽ ഉൾപ്പെടുന്നു. പ്രസിഡന്റുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അതേസമയം സ്വാതന്ത്ര്യം നേടിയ ശേഷം അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ആഴ്ചകളായി ജനങ്ങൾ ഭക്ഷണത്തിനും അവശ്യ വസ്തുക്കൾക്കും ഇന്ധനത്തിനും ഗുരുതരമായ ക്ഷാമം നേരിടുകയാണ്. രണ്ട് വര്‍ഷത്തിനിടെ കരുതല്‍ വിദേശനാണ്യത്തിലുള്ള വലിയ കുറവാണ് ശ്രീലങ്കയെ ദുരിതത്തിലേക്ക് തള്ളിവിട്ടത്. വിദേശനാണ്യത്തില്‍ കുറവ് വന്നതോടെ അവശ്യസാധനങ്ങളുടെ ഇറക്കുമതിയും വിദേശ കടം തിരിച്ചടയ്ക്കലും ആശങ്കയിലായി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം തുടങ്ങി സര്‍വത്ര മേഖലയിലും കടുത്ത വിലക്കറ്റമാണ് ഉണ്ടായത്. പിന്നാലെ രാജ്യത്ത് വലിയ പ്രക്ഷോഭം ഉടലെടുത്തു. രാജ്യത്ത് വലിയ തോതിലുള്ള പ്രതിഷേധം ഇപ്പോഴും തുടരുന്നുണ്ട്. കർഫ്യു അടക്കം പ്രഖ്യാപിച്ചിട്ടും ജനങ്ങളെ തടഞ്ഞു നിർത്താൻ സാധിച്ചിട്ടില്ല. പലയിടത്തും സൈന്യവുമായും ജനങ്ങൾ ഏറ്റുമുട്ടുന്ന സാഹചര്യമാണുളളത്. ജനകീയ പ്രക്ഷോഭങ്ങൾ തടയാൻ സമൂഹമാദ്ധ്യമങ്ങൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ 15 മണിക്കൂറിന് ശേഷം പിൻവലിച്ചു. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ്, ടിക്ടോക് തുടങ്ങിയവയാണ് വ്യാജവിവരങ്ങൾ തടയാനെന്ന പേരിൽ വിലക്കിയത്. എന്നാൽ സിനിമാതാരങ്ങളും നമൽ രാജപക്‌സെയും ഉൾപ്പെടെ ഉള്ളവർ ഇതിനെതിരെ രംഗത്ത് വന്നതോടെ വിലക്ക് പിൻവലിക്കുകയായിരുന്നു.

You might also like

-