ഡാളസിൽ ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങൾ – സെപ്റ്റംബർ ഒന്നിന്

ജീവിച്ചിരുന്നപ്പോഴും സമാധിയായതിന്‌ ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ്‌ വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും

0

ഡാളസ് – വിശ്വഗുരുവായ ശ്രീ നാരായണ ഗുരുദേവന്റെ പവിത്രമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്‌. സ്വാമി വിവേകാനന്ദൻ ഒരു കാലത്തു ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തെയും അതിൽ മതാന്ധതയിലും, അന്ധവിശ്വാസങ്ങളിലും മുഴുകി കിടന്നിരുന്ന കേരള ജനതയെയും വിശ്വമാനവികതയുടെയും, ജ്ഞാനത്തിന്റെയും പ്രകാശപൂരിതമായ വഴിയിലേക്ക്‌ നയിക്കുകയായിരുന്നു ഗുരുദേവൻ. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സാക്ഷാത്ക്കരിച്ച സാമൂഹ്യവിപ്ലവമാണ്‌ പില്‍ക്കാലത്ത്‌ കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനശിലയെന്ന് നിസ്സംശയം പറയാം. ജീവിച്ചിരുന്നപ്പോഴും സമാധിയായതിന്‌ ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനക്കും പഠനത്തിനും പാത്രമായ മറ്റൊരു മഹദ്‌ വ്യക്തി ലോകത്തില്‍ തന്നെ അപൂര്‍വ്വമായിരിക്കും.

ശ്രീ നാരായണ ദർശനങ്ങൾ പരിരക്ഷിക്കുന്നതിനും, അത് വരും തലമുറയ്ക്ക് പകർന്നുകൊടുക്കുന്നതിനും ഡാളസ് കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന ശ്രീ നാരായണ മിഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി നാലാം ജയന്തി ആഘോഷങ്ങൾ സെപ്റ്റംബർ ഒന്നാം തീയതി ഇർവിങ്ങിൽ ഉള്ള സെൻറ്‌ ജോർജ് ഓർത്തഡോസ് ചർച് ഓഡിറ്റോറിയത്തിൽ വച്ച് (1627 E Shady Grove Rd Irving TX 75060) വൈകുന്നേരം 5 മണി മുതൽ നടത്തപ്പെടും.

ഗുരുപൂജയോടും, സംഗീതാർച്ചയോടും കൂടി സമാരംഭിക്കുന്ന ആഘോഷങ്ങൾക്ക് തിരുവാതിര, ഡാളസിലെ പ്രശസ്തരായ വിവിധ കലാകാരന്മാർ നയിക്കുന്ന നൃത്യനൃത്തങ്ങൾ, പരമ്പരാഗത രീതിയിലുള്ള ഓണ സദ്യ തുടങ്ങിയവ മാറ്റു കൂട്ടും.ശിവഗിരി മഠത്തിലെ സന്യാസിവര്യനും, ഗുരു ധർമ്മ പ്രചാരണ സഭയുടെ സെക്രട്ടറിയും ആയ ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമികളാണ് ഈ വർഷത്തെ ജയന്തി ആഘോഷങ്ങളിലെ മുഖ്യാഥിതി.

ഈ ചടങ്ങുകളിൽ ജാതി മത ഭേദമന്യേ ഏവരുടേയും മഹനീയ സാന്നിധ്യം ശ്രീ നാരായണ മിഷൻ ഓഫ് നോർത്ത് ടെക്സസിന്റെ ഭാരവാഹികൾ സാദരം ക്ഷണിച്ചു കൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 1 317-64-SNMNT – ഇമെയിൽ – info@snmnt.org

You might also like

-