സിസ്റ്റര്‍ ലൂസിയ്‍ക്കെതിരെ അപവാദം പ്രചരിപ്പിച്ച വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വിശ്വാസികള്‍
മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഫാദർ നോബിൾ തോമസ് പാറക്കലിനെതിരെ പരാതി നൽകിയത്.
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ മാനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികളുടെ പരാതി. കാത്തലിക് ലേമെൻ അസോസിയേഷൻ ഭരവാഹികളാണ് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് പരാതി നൽകിയത്.
മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഫാദർ നോബിൾ തോമസ് പാറക്കലിനെതിരെ പരാതി നൽകിയത്. സ്ത്രീകളെ സമൂഹമാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടിയൂർ പീഡന സംഭവത്തിനു ശേഷവും രൂപത ഇത്തരം വൈദികർക്കെതിരെ നടപടിയെടുക്കുന്നില്ല. സിസ്റ്റർ ലൂസിക്കെതിരായ അതിക്രമത്തിൽ ബിഷപ്പ് തുടരുന്ന മൗനം സംശയകരമാണെന്നും പരാതിയിൽ പറയുന്നു.
സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ മഠത്തിൽ മാധ്യമ പ്രവർത്തകർ എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കൽ സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിച്ചത്. ഇതിനെതിരെ സിസ്റ്റർ നൽകിയ പരാതിയിൽ ഫാദർ നോബിൾ അടക്കം ആറ് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.