ഭരണം പിടിക്കാൻ പദ്ധിതികളുമായി കോണ്‍ഗ്രസ് കളത്തിൽ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി സോണിയാ രാഹുല്‍ , പ്രിയങ്കാ കൂടിക്കാഴ്ച
പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടായിരുന്നില്ല ചര്‍ച്ചകളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രശാന്ത് കിഷോറിന് നിര്‍ണായക പങ്കുണ്ടാകുമെന്നാണ് കരുതുന്നത്.
ഡല്‍ഹി∙ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വമ്പന്‍ പദ്ധിതികളുമായി കോണ്‍ഗ്രസ് കളത്തിലേക്ക്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് അപ്പുറത്തേക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വമ്പന്‍ നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആദ്യഘട്ടത്തില്‍ രാഹുലും പ്രിയങ്കയുമാണ് പ്രശാന്തുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് ഓണ്‍ലൈനായി സോണിയയും ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു.
പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടായിരുന്നില്ല ചര്‍ച്ചകളെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രശാന്ത് കിഷോറിന് നിര്‍ണായക പങ്കുണ്ടാകുമെന്നാണ് കരുതുന്നത്. 2017ല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതിനു ശേഷം ആദ്യമായാണ് പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ചര്‍ച്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ സോണിയയും രാഹുലും പ്രിയങ്കയും പങ്കെടുത്തുവെന്നതും പ്രധാനമാണ്.
പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദുവും തമ്മില്‍ നടക്കുന്ന പോര് തീര്‍ക്കാന്‍ മധ്യസ്ഥനായി പ്രശാന്ത് രാഹുലുമായും പ്രിയങ്കയുമായും കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനിടെ എന്‍സിപി നേതാവ് ശരദ് പവാറുമായി പ്രശാന്ത് രണ്ടു തവണ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. പിന്നാലെ പവാറിന്റെ വസതിയില്‍ പ്രതിപക്ഷ നേതാക്കള്‍ ഒത്തുകൂടിയത് മൂന്നാം മുന്നണി രൂപീകരണം ലക്ഷ്യമിട്ടാണെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി ബിജെപിക്കെതിരെ സഖ്യം സാധ്യമല്ലെന്നാണ് ശരദ് പവാറും പ്രശാന്ത് കിഷോറും പ്രതികരിച്ചത്.