മരുമകൻ തിളച്ച വെള്ളമൊഴിച്ചു; പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു
കുടുംബവഴക്കിനെ തുടർന്നു ജൂൺ 13ന് പുലർച്ചെയാണ് ഭാരതിയുടെ ദേഹത്ത് പ്രകാശ് തിളച്ച വെള്ളം ഒഴിച്ചത്
വളളികുന്നം/ആലപ്പുഴ:∙ മകളുടെ ഭർത്താവ് തിളച്ച വെള്ളം ഒഴിച്ചതിനെ തുടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി മാലാ മന്ദിരത്തിൽ പരേതനായ പി.സി.കുഞ്ഞപ്പയുടെ ഭാര്യ ഭാരതി (75) ആണ് മരിച്ചത്. ആക്രമണത്തെ തുടർന്ന് അറസ്റ്റിലായ ഭാരതിയുടെ മകളുടെ ഭർത്താവ് പ്രകാശ്(52) റിമാൻഡിലാണ്. മാരകമായി പൊള്ളലേറ്റ ഭാരതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുടുംബവഴക്കിനെ തുടർന്നു ജൂൺ 13ന് പുലർച്ചെയാണ് ഭാരതിയുടെ ദേഹത്ത് പ്രകാശ് തിളച്ച വെള്ളം ഒഴിച്ചത്. പൊള്ളലേറ്റിട്ടും പ്രകാശ് ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ കൂട്ടാക്കിയില്ല. തുടർന്ന് പ്രകാശിന്റെ മകനാണ് ഭാരതിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി.