വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങിൻ്റെ വിധവ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; കേസെടുത്ത് പൊലീസ്

ദില്ലി സ്വദേശി കെ.അഹമ്മദിനെതിരെയാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

0

ദില്ലി: സിയാച്ചിനിൽ 2023 ജൂലൈയിൽ നടന്ന തീപിടിത്തത്തിൽ പൊള്ളലേറ്റ് വീരമൃത്യു വരിച്ച ധീരജവാൻ അൻഷുമാൻ സിങിൻ്റെ ഭാര്യ സ്മൃതിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ ആൾക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലി സ്വദേശി കെ.അഹമ്മദിനെതിരെയാണ് ദില്ലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. എട്ട് വര്‍ഷത്തോളം നീണ്ട വിദൂര പ്രണയത്തിനൊടുവിൽ 2023 ഫെബ്രുവരിയിലാണ് അൻഷുമാൻ സിങും സ്മൃതിയും വിവാഹിതരായത്. എന്നാൽ അതേ വര്‍ഷം ജൂലൈയിൽ സിയാച്ചിനിലെ ദാരുണ അപകടത്തിൽ 2 സൈനികരുടെ ജീവൻ രക്ഷിച്ച ശേഷം അൻഷുമാൻ സിങ് വീരചരമം പ്രാപിക്കുകയായിരുന്നു. മരണമുഖത്തും കാട്ടിയ ധീരമായ ചെറുത്തുനിൽപ്പിന് അദ്ദേഹത്തിന് കീര്‍ത്തിചക്ര ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു.

 

സ്മൃതിക്കെതിരെ അൻഷുമാൻ സിങിൻ്റെ മാതാപിതാക്കൾ ഇന്നലെ രംഗത്ത് വന്നിരുന്നു. മകൻ്റെ ധീരതയ്ക്ക് കിട്ടിയ കീര്‍ത്തി ചക്ര പുരസ്കാരം, ഓര്‍മ്മകളടങ്ങിയ വസ്ത്രങ്ങൾ, ഫോട്ടോ ആൽബം എല്ലാം സ്മൃതി പഞ്ചാബിലെ ഗുരുദാസ്‌പൂരിലെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് ആരോപണം. യുപി ഗൊരഖ്‌പൂര്‍ സ്വദേശികളാണ് അൻഷുമാൻ്റെ കുടുംബം. കീര്‍ത്തി ചക്ര പോലുള്ള പുരസ്കാരങ്ങളിൽ മാതാപിതാക്കൾക്ക് കൂടി അവകാശം ലഭ്യമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ദില്ലിയിൽ ഇക്കഴിഞ്ഞ ജൂലൈ അഞ്ചിന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സ്മൃതിക്കും അൻഷുമാൻ്റെ അമ്മ മഞ്ജു സിങിനുമായി കീര്‍ത്തി ചക്ര സമ്മാനിച്ചത്. ഇന്ത്യൻ സൈന്യത്തിൽ മെഡിക്കൽ സംഘത്തിൽ അംഗമായ അൻഷുമാൻ സിയാച്ചിനിൽ മെഡിക്കൽ ക്യാംപിലേക്ക് തീപടര്‍ന്നപ്പോഴാണ് മരണത്തിന് കീഴടങ്ങിയത്.

You might also like

-