ശബരിമല വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ്

ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. പ്രാഥമിക സാധ്യതാപഠനത്തിൽ റൺവേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേ സുരക്ഷ കുറവുള്ളതാണെന്ന് കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാൻ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനാണ് തീരുമാനം

0

പത്തനംതിട്ട | ചെറുവളളി എസ്റ്റേറ്റിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി. വിമാനത്താവള നിർമ്മാണത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അം​ഗീകരിച്ച് ആണ് നടപടി. ടേക്ക് ഓഫിന് സാധ്യതകളേറിയതോടെ അഞ്ച് ജില്ലകളുടേയും മലയോര മേഖല​കളുടേയും വികസന പ്രതീക്ഷകൾക്ക് കൂടിയാണ് ചിറക് മുളയ്ക്കുന്നത്. വിമാനത്താവള നിർമ്മാണത്തിന് നേരത്തെ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. നിലവിൽ പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടന്നുവരികയാണ്. വിശദപദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിലേക്ക് പോകാനാകുമെന്ന് സ്പെഷ്യൽ ഓഫീസർ വി തുളസീദാസ് പറഞ്ഞു.

ശബരിമല വിമാനത്താവളവും മധുര വിമാനത്താവളവും തമ്മിലുളള ആകാശ ദൂരം 148 കിലോമീറ്ററാണ്. ഇത് മധുര വിമാനത്താവളത്തെ ബാധിക്കില്ലെന്നും കേരളം കേന്ദ്രത്തെ അറിയിച്ചതോടെയാണ് വ്യോമയാന മന്ത്രാലയം അനുമതി നൽകിയത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ റൺവേയാണ് ശബരിമലയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് റൺവേയുടെ നീളം. ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. പ്രാഥമിക സാധ്യതാപഠനത്തിൽ റൺവേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേ സുരക്ഷ കുറവുള്ളതാണെന്ന് കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഇത് പരിഹരിക്കാൻ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനാണ് തീരുമാനം.

ചെറുവളളി എസ്റ്റേറ്റിന്റെ ഭൂമി ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണുളളത്. ഇതിൽ സർക്കാർ പാലാ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്. ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള അയന ട്രസ്റ്റിന്റെ പേരിലാണെന്നാണ് സഭയുടെ വാദം. എന്നാൽ കരമടയ്ക്കാൻ സഭ ഹൈക്കോടതി ഉത്തരവ് വഴി അനുമതി നേടിയെങ്കിലും അയന ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ സ്വീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഭൂമി അയന ട്രസ്റ്റിന്റെ പേരിലാണെന്നുളളതിന് തെളിവില്ലെന്നാണ് സർക്കാർ വാദം. അതേസമയം എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രദേശവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

 

You might also like

-