ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ എസ് ഐ ടി ചോദ്യം ചെയ്യുന്നു ?

അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

തിരുവനന്തപുരം| ശബരിമല സ്വർണ്ണപ്പാളി കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യംചെയ്യുന്നു .പൊലീസ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം അടക്കം എസ്‌ഐടി ചോദിച്ചറിയുന്നുണ്ട്. ശബരിമലയില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണം വാങ്ങിയവരും വിറ്റവരും തമ്മിലുള്ള ബന്ധം, അടൂര്‍ പ്രകാശ് പല സ്ഥലങ്ങളില്‍ ഇവരുമായി കൂടിക്കാഴ്ച നടത്തിയ സാഹചര്യം, പാരിതോഷികങ്ങള്‍ കൈപ്പറ്റിയ സാഹചര്യം അടക്കം എസ്‌ഐടി വിശദമായി ചോദിക്കുന്നതായാണ് വിവരം.

ഇന്ന് രാവിലെ പത്തരയോടെയാണ് അടൂര്‍ പ്രകാശ് പൊലീസ് ആസ്ഥാനത്ത് എത്തിയത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. നേരത്തേ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുടെ അടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയെ എത്തിച്ചത് അടൂര്‍ പ്രകാശ് ആണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ അടക്കം എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് കൂടിക്കാഴ്ച്ച നടത്തിയിരുന്നതായും സമ്മാനങ്ങൾ സ്വീകരിച്ചതായുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇക്കാര്യമുൾപ്പെടെ അടൂർ പ്രകാശിൽ നിന്ന് എസ്ഐടി ചോദിച്ചറിയും. നേരത്തെ, കേസിൽ മുൻ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളിൽ കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നിരിക്കെയാണ് കേസിൽ അടൂർ പ്രകാശിനെ ഇന്ന് ചോദ്യം ചെയ്യുന്നത്.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ഇഡി കേസിൽ പ്രതികളുടെ അറസ്റ്റ് വൈകും. ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത് അടുത്തയാഴ്ചയാകും. പൂർണ്ണമായി വിവര ശേഖരണം നടത്തിയ ശേഷം വിളിച്ചുവരുത്താനാണ് തീരുമാനം. എന്നാൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരും. പോറ്റിയുടെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഇഡി വിശദമായി പരിശോധിച്ചു. 2017 മുതൽ 2025 വരെയുള്ള സാമ്പത്തിക ഇടപാടാണ് പരിശോധിച്ചത്. തിരുവനന്തപുരത്ത് അടക്കം ഭൂമികൾ വാങ്ങിയതിന്റെ വിശദാംശങ്ങളും ഇ ഡിയ്ക്ക് ലഭിച്ചു. പോറ്റിയുടെ 1.3 കോടി രൂപയുടെ ആസ്തി വകകൾ നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്.

കേസിൽ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കുറ്റപത്രം തയ്യാറാക്കാൻ പോറ്റിയുടെ നിക്ഷേപങ്ങൾ, ബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെ പോറ്റിയെ ചോദ്യം ചെയ്തിരുന്നു. മുരാരി ബാബുവിനെയും കേസിലെ ആറാം പ്രതിയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എസ് ശ്രീകുമാറിനെയും ഇന്നലെ ഇഡി ചോദ്യം ചെയ്തിരുന്നു.

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു . ആറ്റിങ്ങൽ എംപിയും നിലവിൽ യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശിനെ സദ്യ ഉദ്ഘാടനം ചെയ്യാൻ പോറ്റി ശബരിമലയിലെത്തിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന പ്രയാർ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്.സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ രാഘവനാണ് 2018 ജനുവരിയിലെ അന്നദാനം ഉദ്ഘാടനം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി സദ്യയും അന്നദാനവും സ്‌പോൺസർ ചെയ്തതിന്റെ മറവിൽ ഭക്തരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലൻസ് തന്നെ കണ്ടെത്തിയിരുന്നു. അടൂർ പ്രകാശിനെ പോലെയുള്ള ഉന്നതരെ മറയാക്കിയായിരുന്നു ഈ തട്ടിപ്പ് എന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.

 

You might also like

-