പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും. പ്രതി ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്.
കണ്ണൂർ | പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ വാങ്ങിയായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകം നടന്ന വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചാണ് ആദ്യം തെളിവെടുപ്പ് . കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴേക്കളത്തിൽ എം. ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റും. പ്രതി ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്നാണ് ശ്യാംജിതിൻ്റെ കുറ്റസമ്മത മൊഴി. ഇതനുസരിച്ച് കത്തിയും ചുറ്റികയും വാങ്ങിയ കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. തെളിവെടുപ്പ് നാളെയേ ഉണ്ടാകൂയെന്നാണ് പൊലീസ് നൽകുന്ന സൂചന. വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം നാളെ ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.
ഇന്നലെയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്നലെ രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.’സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ശ്യംജിത്തിനെ പൊലീസ് പിടികൂടുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അയൽവാസികൾ നൽകിയ മൊഴിയും നിർണായകമായി. കുറ്റം സമ്മതിച്ചെങ്കിലും ശ്യാംജിത്തിൽനിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. വിഷ്ണുപ്രിയയുടെ വീട്ടിൽ കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ. നായർ പരിശോധന നടത്തി