സാന്ത്വനം കാര്യദര്‍ശി,ഷീബ അമീറിന് അമേരിക്കയിൽ സ്വീകരണം
ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടാകണമെങ്കിലും വിലക്ക് വേണം. സ്വപ്നങ്ങള്‍ക്ക് പോലും പരിധി വയ്ക്കണം. വേദനിക്കുന്ന കുഞ്ഞുങ്ങളുടെ രോദനങ്ങള്‍ നിലക്കും വരെ ഞാന്‍ കാവലാളാകും.
ഡാലസ്: സൊലസ് (solace) എന്ന സന്നദ്ധ സംഘടനയുടെ മുഖ്യ കാര്യദര്‍ശിയും 2017 ലെ കേരള സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌നം അവാര്‍ഡ് ജേതാവും ആയ ഷീബ അമീറിന് അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ വന്‍ വരവേല്‍പ്പ് നല്‍കി.
അര്‍ബുദം പോലുള്ള അതിഭയങ്കര രോഗത്താല്‍ ചികില്‍സിക്കാന്‍ ഭാരപ്പെടുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരു അത്താണി ആകുക എന്ന ലക്ഷത്തോടെ 2007 ല്‍ തൃശൂര്‍ കേന്ദ്രമാക്കി സാന്ത്വനം എന്നര്‍ത്ഥം വരുന്ന സൊലസ് എന്ന സംഘടന രൂപംകൊണ്ടു. കുറഞ്ഞത് 15 പേരെ എങ്കിലും സഹായിക്കാം എന്ന ആശയത്തോടെ ആരംഭിച്ച പ്രസ്ഥാനം ഇന്ന് 1600 കുട്ടികളുടെ സാന്ത്വനമായി വളര്‍ന്നു.
ഖത്തറില്‍ ഭര്‍ത്താവ് അമീറും മകന്‍ നിഖിലും മകള്‍ നീലോഫറും ഒന്നിച്ച് സാമാന്യം ഭേദപ്പെട്ട നിലയില്‍ കഴിയുകയായിരുന്നു ഷീബ അമീര്‍. തികച്ചും അപ്രതീക്ഷിതമായി മകള്‍ നീലുവിനു ലുക്കിമിയ ആണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ ആകെ തകര്‍ന്നു പോയി. മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ മൂന്ന് വര്‍ഷത്തോളം മകളുടെ ചികിത്സയുമായി കഴിഞ്ഞു. ഇതിനിടയില്‍ മകന്റെ മജ്ജ മകളിലേക്ക് പറിച്ചു വെയ്ക്കപ്പെട്ടു. അര്‍ബുദത്തെ അതിജീവിച്ച നിലോഫര്‍ 28 മത്തെ വയസ്സില്‍ ഷീബയെ വിട്ടു പോയി.
15 വര്‍ഷക്കാലത്തെ മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍, ആശുപത്രിയില്‍ തൊട്ടടുത്ത ബെഡ്ഡുകളിലെ കുഞ്ഞുങ്ങള്‍ രോഗ പീഢയാല്‍ പുളയുന്നതും, കയ്യില്‍ കാശില്ലാത്തതിനാല്‍ മാത്രം കൂട്ടിരുപ്പുകാര്‍ ഭക്ഷണമില്ലാതെ നെടുവീര്‍പ്പിടുന്നതും, കാന്‍സര്‍ ബാധിച്ച കുട്ടിയെ വാര്‍ഡില്‍ തനിച്ചാക്കി വൈകുന്നേരത്തെ അന്നത്തിന് പണിതേടിപ്പോകുന്ന മാതാപിതാക്കള്‍ ഇവ ഷീബയുടെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെങ്കിലും പതറിയില്ല.
തൃശൂര്‍ പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറില്‍ എത്തി സാന്ത്വനപരിചരണത്തിന്റെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കി. കാന്‍സര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, വൃക്കരോഗങ്ങള്‍, തുടങ്ങി ജീവിതം പരിമിതപെടുത്തുന്ന രോഗങ്ങള്‍ ബാധിച്ചവരുടെ സാന്ത്വനത്തിനു എന്തൊക്കെ ചെയ്യാനാകും എന്ന് പഠിച്ചു.
പ്രതിഫലേച്ഛയില്ലാത്ത കര്‍മ്മോല്‍സുകാരായ വോളന്റിയര്‍മാരാണ് ഇന്ന് ഷീബ അമീറിനോടൊപ്പം സൊലസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജീവിതം പരിമിതപെടുത്തുന്ന രോഗങ്ങളാല്‍ അവശതയനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹികവും സാമ്പത്തികവും ധാര്‍മികവുമായ പിന്തുണ നല്‍കുകയാണ് സംഘടനയുടെ ദൗത്യം.
അമേരിക്കയില്‍ ഡാലസ്, സാന്‍ഫ്രാന്‍സിസ്‌കോ, ന്യുയോര്‍ക്ക്, വാഷിങ്ങ്ടണ്‍ ഡി സി, താമ്പാ, ബോസ്റ്റണ്‍, ന്യൂ ജേഴ്‌സി, മെംഫിസ്, കാലിഫോര്‍ണിയ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘടനയുടെ ചാപ്റ്ററുകള്‍ ആരംഭിക്കുവാന്‍ സാധിച്ചത് സൊലസിന്റെ പ്രവര്‍ത്തനങ്ങളെ വിദേശ മലയാളികള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു എന്നതിന് വലിയ തെളിവാണ്.
മദര്‍ തെരേസ അവാര്‍ഡ്, സോഷ്യല്‍ ആക്ടിവിസ്റ്റിനുള്ള ഫെഡറല്‍ ബാങ്ക് അവാര്‍ഡ്, സി.എന്‍.എന്‍ ഐ.ബി.എന്‍ റിയല്‍ ഹീറോ അവാര്‍ഡ് തുടങ്ങി അനേക അവാര്‍ഡുകള്‍ ഷീബ അമീറിനെ തേടി എത്തിയത് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി ചെറിയാന്‍, ഷാജി രാമപുരം എന്നിവര്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി നടത്തിയ അഭിമുഖത്തില്‍ ഷീബ അമീര്‍ ദൃഢനിശ്ച്ചയത്തോടെ പറയുകയാണ് ആഗ്രഹങ്ങള്‍ക്ക് ചിറകുകള്‍ ഉണ്ടാകണമെങ്കിലും വിലക്ക് വേണം. സ്വപ്നങ്ങള്‍ക്ക് പോലും പരിധി വയ്ക്കണം. വേദനിക്കുന്ന കുഞ്ഞുങ്ങളുടെ രോദനങ്ങള്‍ നിലക്കും വരെ ഞാന്‍ കാവലാളാകും.