ജമ്മു കശ്മീർ വിഭജിച്ചു 370 വകുപ്പു നീക്കം ചെയ്തു എന്താണ് 35എ, 370 വകുപ്പുകൾ? അറിയേണ്ടതെല്ലാം

മുസ്‌ലിംകൾ ധാരാളമുള്ള സ്‌ഥലമായതിനാൽ ജമ്മു കശ്‌മീർ തങ്ങൾക്കുതന്നെയെന്നു പാക്കിസ്‌ഥാൻ സ്വയം വിശ്വസിച്ചു. എന്നാൽ കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ നടക്കാത്തതിനെത്തുടർന്നു ഗോത്ര വർഗക്കാരായ റസാകർ സേനയെ പാക്കിസ്‌ഥാൻ ഇളക്കി വിട്ടു. നുഴഞ്ഞു കയറ്റക്കാർ രാജ്യത്തിന്റെ നല്ലൊരു പങ്കും കയ്യടക്കിയപ്പോൾ രാജാവ് ഇന്ത്യയുടെ സഹായം തേടി

0

ഡൽഹി :കശ്മീരിന്റെ പ്രത്യേക പദവിയുടെ പേരിൽ പാർലമെന്റിൽ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ ശക്തമാകുമ്പോൾ ചർച്ചകളിൽ നിറയുന്നത് ഭരണഘടനയുടെ 370, 35 എ വകുപ്പുകൾ. ഇവ എടുത്തു കളയുമെന്ന് പ്രകടനപത്രികയിൽ തന്നെ ബിജെപി വ്യക്തമാക്കിയിരുന്നു. എന്താണ് ഇവയുടെ പ്രത്യേകത?

എന്താണ് 370ാം വകുപ്പ് ?

ബ്രിട്ടൻ ഇന്ത്യ വിടുമ്പോൾ ലയന ഉടമ്പടി പ്രകാരം നാട്ടുരാജ്യങ്ങൾ പാക്കിസ്‌ഥാനിലും ഇന്ത്യയിലും ചേർന്നു. പക്ഷേ, ജമ്മു കശ്‌മീരിലെ ഹിന്ദുമത വിശ്വാസിയായ മഹാരാജാ ഹരിസിങ് ഒരു തീരുമാനവുമെടുത്തില്ല. മുസ്‌ലിംകൾ ധാരാളമുള്ള സ്‌ഥലമായതിനാൽ ജമ്മു കശ്‌മീർ തങ്ങൾക്കുതന്നെയെന്നു പാക്കിസ്‌ഥാൻ സ്വയം വിശ്വസിച്ചു. എന്നാൽ കാര്യങ്ങൾ ആഗ്രഹിച്ചതുപോലെ നടക്കാത്തതിനെത്തുടർന്നു ഗോത്ര വർഗക്കാരായ റസാകർ സേനയെ പാക്കിസ്‌ഥാൻ ഇളക്കി വിട്ടു. നുഴഞ്ഞു കയറ്റക്കാർ രാജ്യത്തിന്റെ നല്ലൊരു പങ്കും കയ്യടക്കിയപ്പോൾ രാജാവ് ഇന്ത്യയുടെ സഹായം തേടി. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റു അതു നിരസിച്ചു. കാരണം ജമ്മു കശ്‌മീർ മറ്റൊരു രാജ്യമാണ്. ഇന്ത്യൻ സേനയെ അങ്ങോട്ട് അയയ്‌ക്കുന്നതു മറ്റൊരു രാജ്യത്തെ ആക്രമിക്കുന്നതിനു തുല്യമാണ്. നിൽക്കക്കള്ളിയില്ലാതെ രാജാവ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പിട്ടു. അങ്ങനെ സാങ്കേതികമായി ജമ്മു കശ്‌മീർ ഇന്ത്യയുടെ ഭാഗമായി.

ഭരണഘടനാ രൂപീകരണ സമയത്ത് ഇന്ത്യയിൽ ചേർന്ന നാട്ടുരാജ്യങ്ങളുടെ ഭരണഘടന എന്തായിരിക്കണമെന്നു ഭരണഘടനാ നിർമാണസഭ ചർച്ച ചെയ്‌തു. എല്ലാ നാട്ടുരാജ്യങ്ങൾക്കും ഒരു ഭരണഘടന മതിയെന്നും അധികാരങ്ങൾ ഫെഡറൽ സമ്പ്രദായത്തിൽ വേർതിരിച്ചു രേഖപ്പെടുത്തണമെന്നും തീരുമാനിച്ചു. ‘ഇന്ത്യ ഈസ് എ യൂണിയൻ ഓഫ് സ്‌റ്റേറ്റ്‌സ്’ എന്ന പ്രഖ്യാപനമുണ്ടായി. അപ്പോഴും ജമ്മു കശ്‌മീരുമായുള്ള ഇന്ത്യയുടെ ബന്ധം വ്യത്യസ്‌തമായി തുടർന്നു. കാരണം ലയന ഉടമ്പടിയിൽ ഇന്ത്യയ്‌ക്കു പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയിൽ മാത്രമാണു ജമ്മു കശ്‌മീർ അധികാരം കൈമാറിയിരുന്നത്. മറ്റെല്ലാറ്റിലും ഭരണപരമായ അധികാരം ജമ്മു കശ്‌മീർ അസംബ്ലിക്കാണ്. ഇന്ത്യൻ ഭരണഘടന മറ്റു പ്രദേശങ്ങളെപ്പോലെ പൂർണമായും ജമ്മു കശ്‌മീരിലേക്കു വ്യാപിക്കാത്തതിനും സ്വയംഭരണാവകാശം വിഭാവനം ചെയ്യുന്ന 370ാം വകുപ്പനുസരിച്ചു പ്രത്യേക പദവി ജമ്മു കശ്‌മീരിനു നൽകാനുമുണ്ടായ സാഹചര്യവും ഇതാണ്.

ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. 1950ൽ ഭരണഘടന നിലവിൽ വന്നതു മുതൽ, അതിർത്തി സംസ്ഥാനത്തിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനെ എതിർത്തുപോന്ന നയമാണു ബിജെപിക്കുള്ളത്. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370–ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയിൽ അദ്ദേഹം ശക്തമായി എതിർത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും അഞ്ചുവർഷമായിരിക്കേ ജമ്മു കശ്മീരിന് ആറുവർഷമാണ്. നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണം.

ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും മഹാരാഷ്ട്ര, അവിഭക്ത ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കും പ്രത്യേക അവകാശപദവി നൽകിയിട്ടുണ്ട്.

എന്താണ് 35 എ?

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

രാജ്യത്തെവിടെയും ജോലിയെടുക്കാനും ഭൂമി വാങ്ങാനുമുള്ള മൗലികാവകാശത്തെ 35എ വകുപ്പ് ലംഘിക്കുന്നുവെന്നു നേരത്തേ സുപ്രീംകോടതി ഹർജിയിൽ ആർഎസ്എസ് അനുഭാവമുള്ള സന്നദ്ധസംഘടന ജമ്മു കശ്മീർ സ്റ്റഡി സർക്കിൾ വാദിച്ചിരുന്നു. എന്നാൽ പഞ്ചാബ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവർ ജമ്മു കശ്മീരിൽ ഭൂമി സ്വന്തമാക്കുന്നതും സർക്കാർ സർവീസുകളിൽ ആധിപത്യം നേടുന്നതും തടയാൻ വേണ്ടി 19–ാം നൂറ്റാണ്ടു മുതൽക്കേ നിലവിലുള്ളതാണു പ്രത്യേക അവകാശ വ്യവസ്ഥയെന്നു പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, കശ്മീരിൽ കശ്മീരികൾക്കും ജമ്മുവിൽ ഹിന്ദുക്കൾക്കും ലഡാക്കിൽ ബുദ്ധമതക്കാർക്കും അടക്കം ഈ വ്യവസ്ഥകൾ എല്ലാ മതക്കാർക്കും ബാധകവുമാണെന്നും പ്രതിപക്ഷം പറയുന്നു.

You might also like

-