പൗരത്വ ഭേദഗതി നിയമത്തിനും അമേരിക്കയിലെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയം
മുസ്‌ലിം മതവിശ്വാസികൾ, അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍, സ്ത്രീകള്‍, തദ്ദേശീയര്‍, ലൈംഗിക ന്യൂനപക്ഷം എന്നീ വിഭാഗങ്ങളോട് വിവേചനപരമായ സമീപനം പുലര്‍ത്തുന്ന തരത്തില്‍ ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും സിയാറ്റില്‍ സിറ്റി
സിയാറ്റില്‍:(വാഷിംഗ്‌ടൺ)- രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് കാരണമായ പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ വാഷിങ്ടണിലെ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ പ്രമേയം പാസാക്കി.നഗരസഭാംഗവും ഇന്ത്യന്‍ വംശജനുമായ ക്ഷേമ സാവന്ത് ആണ് ഫെബ്രു മൂന്നിന് പ്രമേയം അവതരിപ്പിച്ചത്.ഐകകണ്ഠ്യേനയാണ് കൗണ്‍സില്‍ പ്രമേയം പാസാക്കിയത്.
സിയാറ്റില്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്ന നഗരമാണെന്ന് ഊന്നിപറയുന്ന പ്രമേയം നഗരത്തിലെ ദക്ഷിണേഷ്യന്‍ സമൂഹത്തോട് ജാതി, മത, വര്‍ഗ ഭേദമന്യേ ഐക്യദാര്‍ഢ്യപ്പെടുന്നതായും വ്യക്തമാക്കി. മുസ്‌ലിം മതവിശ്വാസികൾ, അടിച്ചമര്‍ത്തപ്പെട്ട ജാതിക്കാര്‍, സ്ത്രീകള്‍, തദ്ദേശീയര്‍, ലൈംഗിക ന്യൂനപക്ഷം എന്നീ വിഭാഗങ്ങളോട് വിവേചനപരമായ സമീപനം പുലര്‍ത്തുന്ന തരത്തില്‍ ഇന്ത്യ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തേയും ദേശീയ പൗരത്വ രജിസ്റ്ററിനേയും സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ എതിര്‍ക്കുന്നുവെന്നാണ് പ്രമേയത്തിൽ പറയുന്നത്.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാനും എന്‍ആര്‍സി നിര്‍ത്തലാക്കാനും യുഎന്നിന്റെ വിവിധ അഭയാര്‍ത്ഥി ഉടമ്പകള്‍ അംഗീകരിച്ച് അഭയാര്‍ത്ഥികളെ സഹായിക്കാന്‍ തയാറാകണമെന്നും ഇന്ത്യന്‍ പാര്‍ലമെന്റിനോട് നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ അപലപിച്ച സിയാറ്റില്‍ നഗരസഭയുടെ തീരുമാനം ബഹുസ്വരതയേയും മത സ്വാതന്ത്ര്യത്തേയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള സന്ദേശമാകണമെന്ന് ഇന്ത്യന്‍ അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍ പ്രസിഡന്റ് അഹ്സന്‍ ഖാന്‍ പറഞ്ഞു. വിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്നവര്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ആഗ്രഹിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രമേയത്തിന്മേൽ പിന്തുണ സമാഹരിക്കുന്നതില്‍ പങ്കുവഹിച്ച ഇക്വാലിറ്റി ലാബിലെ തേന്‍മൊഴി സൗന്ദര്‍രാജനും നഗരസഭയുടെ നടപടിയിൽ സന്തോഷം പങ്കുവെച്ചു.