തിരുവനന്തപുരത്ത് മാലിന്യത്തിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു.
സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ജോയിക്കായി കൂടുതൽ ഭാഗത്തേക്ക് തെരച്ചിൽ നടത്താൻ തീരുമാനമായി.
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായി രക്ഷാദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻ കുട്ടി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീം എത്തും. ഫയർ ഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ജോയിക്കായി കൂടുതൽ ഭാഗത്തേക്ക് തെരച്ചിൽ നടത്താൻ തീരുമാനമായി. പ്ലാറ്റ്ഫോം നമ്പർ മൂന്ന് മുതൽ അഞ്ച് വരെ തെരച്ചിൽ നടത്തും. ഫയർ ഫോഴ്സ് സ്‌കൂബ സംഘം ഈ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ പ്ലാറ്റ്ഫോം നമ്പർ മൂന്ന് മുതൽ ഒന്ന് വരെ പരിശോധന നടത്തിയിരുന്നു.
ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടം അതിദാരുണമായ സംഭവമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. തോടിന്‍റെ നവീകരണത്തിന് റെയിൽവേയ്ക്കും കോർപ്പറേഷനും ഇറിഗേഷൻ വകുപ്പിനും കൂട്ടത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോടിന്റെ താഴ്ന്ന ഭാഗങ്ങളിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 25 കോടിയുടെ നവീകരണ പദ്ധതിയാണ് വിഭാവനം ചെയ്തത്. റെയിൽവേയുടെ കൂടി പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പൂർണ്ണമായും തോട് നവീകരിക്കാൻ കഴിയൂവെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.