“തട്ടിപ്പിന്റെ സുന്ദരി ഇരുമ്പഴിക്കുള്ളിലേക്ക്” സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും

കഠിന തടവിനൊപ്പം 30000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു.

0

കോഴിക്കോട് :സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർക്ക് 6 വർഷ കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതിയാണ് സരിത. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. സരിത എസ് നായര്‍ കുറ്റക്കാരിയെന്ന് കോടതി രാവിലെ വിധിച്ചിരുന്നു. കഠിന തടവിനൊപ്പം 30000 രൂപയാണ് പിഴയായി അടയ്‌ക്കേണ്ടത്. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു.

സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 42,70,000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്നു വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ താൻ തെറ്റുകാരിയല്ലെന്നായിരുന്നു സരിതയുടെ വാദം. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസുകളിലൊന്നാണിത്. 2012ല്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സരിതയ്‌ക്കെതിരെ ചുമത്തിയ ചതി, വഞ്ചന, ഗൂഢാലോചന, ആള്‍മാറാട്ടം എന്നി കുറ്റങ്ങള്‍ തെളിഞ്ഞതായി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി.

വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നു പറഞ്ഞാണ് അബ്ദുല്‍ മജീദില്‍നിന്നു സരിത പണം തട്ടിയത്. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ടീം സോളർ കമ്പനിയുടെ ഫ്രാഞ്ചൈസി, വിൻഡ്മിൽ പദ്ധതിയിൽ പങ്കാളിത്തം എന്നിവ വാഗ്‌ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണ് പരാതി.കേസിൽ 2018 ഒക്ടോബറിൽ വിചാരണ പൂർത്തിയായിരുന്നു. 2019 ൽ ഏപ്രിൽ വരെ നാലു തവണ കേസ് വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയിൽ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോൾ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയിൽ വീണ്ടും വിധി പറയാൻ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാൽ കേസ് നീളുകയായിരുന്നു. കേസില്‍ നിരന്തരമായി കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച സരിതയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

You might also like

-