സ്പീക്കറായിരുന്ന പി . ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായർ
കോടതിക്ക് കത്ത് കൊടുത്തു. പലരുമായും ബന്ധമുണ്ടെന്ന് പറയാൻ ഇഡി നിർബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ നേരിട്ട് ക്ഷണിച്ചതാണ്. വ്യക്തിബന്ധത്തിൻ്റെ പേരിലായിരുന്നു അത്. അതല്ലാതെ മറ്റൊന്നുമില്ല
തിരുവനന്തപുരം: സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിലേക്ക് താന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നുവെന്ന് സന്ദീപ് നായർ വ്യക്തി ബന്ധം വച്ചാണ് ക്ഷണിച്ചതെന്നും മറ്റ് ബന്ധമൊന്നും അന്നത്തെ സ്പീക്കറുമായി ഇല്ലായിരുന്നുവെന്നും സ്വപ്നയും ശ്രീരാമകൃഷ്ണനുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. സ്വപ്നക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും സ്വർണ്ണക്കടത്ത് കേസ് പ്രതി മാധ്യമങ്ങളോട് പറഞ്ഞു.
“കോടതിക്ക് കത്ത് കൊടുത്തു. പലരുമായും ബന്ധമുണ്ടെന്ന് പറയാൻ ഇഡി നിർബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ നേരിട്ട് ക്ഷണിച്ചതാണ്. വ്യക്തിബന്ധത്തിൻ്റെ പേരിലായിരുന്നു അത്. അതല്ലാതെ മറ്റൊന്നുമില്ല. പി ശ്രീരാമകൃഷ്ണനെ സ്വപ്ന വഴി ബന്ധപ്പെട്ടിട്ടില്ല. സ്വർണം കടത്തിയോ ഇല്ലയോ എന്ന് കോടതിയല്ലേ തീരുമാനിക്കേണ്ടത്. കസ്റ്റംസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വിചാരണ കഴിഞ്ഞ് കൂടുതൽ കാര്യങ്ങൾ പറയും. നയതന്ത്ര ബാഗിൽ വന്നത് എന്താണെന്ന് അറിഞ്ഞില്ല. കോൺസുലേറ്റുമായി വലിയ ബന്ധമില്ല. ഫൈസൽ ഫരീദിനെ അറിയില്ല. സരിത്ത് സുഹൃത്താണ്. സരിത്ത് വഴി സ്വപ്നയെ പരിചയപ്പെട്ടു.”
കോൺസലേറ്റിൽ ഈദുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വരുമ്പോൾ അതിൽ ചാരിറ്റി പുറത്ത് കരാർ കൊടുക്കും. അങ്ങനെ ചില കാര്യങ്ങൾ സരിത്തുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്. 2013ൽ സ്വർണം കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ്റെ ഫോണിൽ നിന്ന് ഒരു കോൾ പോയെന്ന് പറഞ്ഞ് കസ്റ്റംസ് വിളിച്ചിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് റമീസിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് റമീസിനെ പരിചയം.
ആരോപണം വന്ന സമയത്ത് ഞാൻ വർക്കല ഭാഗത്താണ് ഉണ്ടായിരുന്നത്. അപ്പോൾ സ്വപ്ന ഒരു വക്കീലിൻ്റെ സഹായത്തിനായി എന്നെ വിളിച്ചു. അങ്ങനെ വക്കീലുമായി സംസാരിച്ചു. ഹെല്പ് ആയിട്ട് കൂടെ വരാമോ എന്ന് സ്വപ്ന ചോദിച്ചു. ഞാൻ ഒപ്പം പോയി. ഫാമിലി ആയിട്ടായിരുന്നു സ്വപ്ന വന്നത്. ഒളിവിൽ കഴിഞ്ഞെന്ന് പറയുന്നത് വസ്തുതാവിരുദ്ധം. സ്വന്തം ഐഡി പ്രൂഫ് ഒക്കെ നൽകിയാണ് യാത്ര നടത്തിയതും ഹോട്ടലിൽ മുറിയെടുത്തതും.”- സന്ദീപ് പറഞ്ഞു.സ്വർണ്ണക്കടത്തിന് പുറമേ, ഡോളർ കടത്ത് കേസിലും, കള്ളപ്പണ കേസിലും, എൻഐഎ രജിസ്റ്റർ ചെയ്ത കേസിലും സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കോഫെപോസ തടവും അവസാനിച്ചതോടെയാണ് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.