സിറോ മലബാർ സഭ വ്യാജരേഖ കേസ്സ് വഴിത്തിരി വിലേക്ക് : വിഷ്വല്‍ ഡിസൈനർ പോലീസ് പിടിയിൽ

കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണു റോയിയെ കസ്റ്റഡിയിലെടുത്തത്.ബംഗളൂരുവില്‍ വിഷ്വല്‍ ഡിസൈനറായ വിഷ്ണു റോയി കേസിലെ മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്താണ്.

0

കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന മലയാളി വിഷ്ണു റോയിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരത്തെ അറസ്റ്റിലായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണു റോയിയെ കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവില്‍ വിഷ്വല്‍ ഡിസൈനറായ വിഷ്ണു റോയി കേസിലെ മൂന്നാം പ്രതി ആദിത്യന്റെ സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇയാളാണ് നൽകിയതെന്നാണ് ആദിത്യയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവില്‍ എത്തി വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുത്തത്. പുലര്‍ച്ചെ കൊച്ചിയില്‍ എത്തിച്ച വിഷ്ണുവിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ ആദിത്യയെ തുടര്‍ച്ചയായി പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട പല നിര്‍ണ്ണായക സൂചനകളും ലഭിച്ചതായാണ് സൂചന.

അന്വേഷണം കൂടുതല്‍ വൈദികരിലേക്കും നീളാന്‍ സാധ്യതയുള്ളതായാണ് വിവരം. എറണാകുളം -അങ്കമാലി അതിരൂപതയിലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിലര്‍ ആദിത്യയെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വിശ്വാസി സംഘടനകളുടെ ഭാരവാഹികളുമായി ആദിത്യയ്ക്കുള്ള അടുത്ത ബന്ധവും അന്വേഷിച്ചുവരികയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദര്‍ പോള്‍ തേലക്കാട്ട്, ഫാ. ടോണി കല്ലൂക്കാരന്‍ എന്നിവരെയും ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും

You might also like

-