ശബരിമല സ്വര്‍ണക്കൊള്ള ,എ പത്മകുമാര്‍ റിമാന്‍ഡില്‍ ,തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക്

കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പ് കാലത്ത് യുവതി പ്രവേശനവുമായി ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയിരുന്നു.

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ റിമാന്‍ഡില്‍. പത്മകുമാറിനെ ഉടന്‍ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കൊള്ളയുടെ മുഖ്യ സൂത്രധാരന്‍ എ.പത്മകുമാറെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഢാലോചന നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. സിപിഐഎം പത്തനംതിട്ട ജില്ലാകമ്മിറ്റി അംഗവും മുന്‍ കോന്നി എംഎല്‍എയുമായ മുതിര്‍ന്ന നേതാവാണ് എ പത്മകുമാര്‍.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ട് മുന്‍ ദേവസ്വം അധ്യക്ഷന്മാര്‍ അറസ്റ്റിലായത് സിപിഐഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പ് കാലത്ത് യുവതി പ്രവേശനവുമായി ഉണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനേയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇത്തവണ എല്ലാ വിവാദങ്ങളും അവസാനിപ്പിച്ച് വിശ്വാസി സമൂഹത്തോടൊപ്പമാണ് സര്‍ക്കാരും പാര്‍ട്ടിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ഇടതുപക്ഷത്തിന് സ്വര്‍ണക്കവര്‍ച്ചാ കേസ് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.ഏത് ഉന്നതനായാലും മുഖം നോക്കാതെ നടപടിയുണ്ടാവുമെന്ന് ദേവസ്വം വകുപ്പും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും നിലപാട് സ്വീകരിച്ചുവെങ്കിലും അറസ്റ്റ് കടുത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വര്‍ണതട്ടിപ്പ് വിവാദം രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രിയുടെ ആരോപണം. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെ കരിതേച്ചുകാണിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്നായിരുന്നു ആരോപണം. എന്നാല്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതോടെ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനകള്‍ പുറത്തുവരികയായിരുന്നു.

You might also like

-