ശബരിമല സ്വർണ്ണക്കൊള്ള,പത്മകുമാർ “പിച്ചളപാളി” എന്നത് മാറ്റി” ചെമ്പ് പാളി” എന്നെഴുതി.

ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും സ്പോണ്‍സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തി

തിരുവനന്തപുരം| ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. അനുവദിക്കുന്നു എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ എഴുതി. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയത്. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്‍റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ ആവശ്യപ്പെട്ടത് തന്ത്രി അല്ലെന്നും അത്തരം രേഖകൾ ലഭ്യമല്ലെന്നും എസ്.ഐടി വിശദമാക്കുന്നു.

കേസിൽ ശങ്കരദാസ് പതിനൊന്നാം പ്രതിയെന്നും എസ്ഐടിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു . ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും സ്പോണ്‍സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയും ആസൂത്രണം നടത്തിയെന്നാണ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഗോവർദ്ധൻ്റെ ജാമ്യഹർജി എതിർത്ത് എസ്ഐടി നൽകിയ റിപ്പോർട്ടിലാണ് ആസൂത്രണത്തെ കുറിച്ച് പറയുന്നത്. 2025 ഒക്ടോബറിൽ പ്രതികൾ ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയെന്നും ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴായിരുന്നു ഇതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. ​

കൊള്ള പുറത്തുവന്നതോടെ ഗൂഢാലോചന മറച്ചുവെക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നും ഇതിനായി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയെന്നും റിപ്പോർട്ടിലുണ്ട്. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് ദുരൂഹമായ അക്കൗണ്ടുകളുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണ്. വൻ ആസൂത്രണം നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാൻ ബെം​ഗളൂരുവിൽ ആസൂത്രണം നടത്തിയെന്നും എസ്ഐടി പറയുന്നു. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനാഫലം വരണമെന്നും അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് അന്വേഷണ സംഘം ഹൈക്കോടതിയെ ബോധിപ്പിച്ചു .

You might also like

-