ശബരിമല സ്വർണക്കൊള്ള സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ച് അൻവർ സാദത്ത് എംഎല്‍എ

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു

തിരുവനന്തപുരം| ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടൽ. ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം പ്ലക്കാർഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സ്പീക്കറുടെ ചേമ്പറില്‍ കയറാൻ പ്രതിപക്ഷ നേതാക്കളുടെ ശ്രമം. അൻവർ സാദത്ത് എംഎല്‍എയാണ് സ്പീക്കറുടെ ചേമ്പറില്‍ കയറാൻ ശ്രമിച്ചത്. പ്രതിഷേധിച്ച വാച്ച് ആൻ്റ് വാർഡ് പ്രതിപക്ഷ അംഗങ്ങളെ തടഞ്ഞു. പ്രതിഷേധം കടുത്തതോടെ സ്പീക്കര്‍ എ എൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയി. സഭ നടപടികള്‍ താൽകാലികമായി നിർത്തി.

ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധം കനത്തതോടെ സഭാ നടപടികൾ നിർത്തിവെച്ചു. ശബരിമല സ്വർണക്കൊള്ള കേസില്‍ എസ്ഐടി അന്വേഷണം വഴിമുട്ടിയെന്നും അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയില്‍ ആരോപിച്ചു. കേസിലെ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യം ലഭിക്കുകയാണ്. അടുത്ത ദിവസം തന്നെ ഉണ്ണികൃഷ്ണൻ പോറ്റിയും ജയിൽ മോചിതനാകും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് എസ്‌ഐടി അന്വേഷണം ഈ രീതിയിൽ മുന്നോട്ടുപോയതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയക്ക്കത്തും പുറത്ത് സമരം കടുപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സ്വർണക്കൊള്ള വിഷയം ഉന്നയിച്ചതോടെ സഭ പ്രക്ഷുബ്ദമായി. സ്വർണക്കൊള്ളയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം ബാനർ ഉയർത്തി. ഡയസിനടുത്തെത്തി തന്‍റെ മുഖം മറയ്ക്കും വിധം ബാനർ ഉയർത്തിയ പ്രതിപക്ഷത്തോട് ബാനർ താഴ്ത്തണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. ബാനർ താഴ്ത്തിയില്ലെങ്കിൽ പിടിച്ചുമാറ്റുമെന്നും സ്പീക്കർ പറഞ്ഞു. ഇതിനിടെയാണ് ഡയസിലേക്ക് കയറാനുള്ള പ്രതിപക്ഷ ശ്രമം നടന്നത്. ഇതോടെയാണ് സ്പീക്കർ ഡയസ് വിട്ടിറങ്ങിയത്. കുറച്ച് സമയത്തിനകം സ്പീക്കർ തിരിച്ചെത്തിയെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഡയസിനു മുകളിൽ വീണ്ടും സ്വർണക്കൊള്ള വിഷയം ഉന്നയിച്ചുള്ള ബാനർ വെച്ച് സ്പീക്കറുടെ മുഖംമറച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി സഭാനടപടികളോട് സഹകരിക്കാതെ തുടർന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനവും പാടി

സഭയിൽ സ്വർണക്കൊള്ള ഉയർത്തിയ പ്രതിപക്ഷത്തിന് വിഷയ ദാരിദ്ര്യമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. ഹൈക്കോടതിയിൽ നിന്നും രണ്ട് കവിളിലും സ്പ്രിഗ്ലർ വിഷയത്തിൽ മാറിമാറി പ്രഹരം ഏൽക്കുന്നു. കോടതിയിൽ തോറ്റാൽ സഭയിൽ എന്നാണോ എന്നായിരുന്നു വി ഡി സതീശന് എം ബി രാജേഷിന്റെ മറുപടി.

പ്രതിപക്ഷം കവല ചട്ടമ്പിമാരാണോ എന്നായിരുന്നു ഡി കെ മുരളിയുടെ പ്രതികരണം. നാണം കെട്ട സമരപരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഒരു വികസനവും അനുവദിക്കില്ല എന്ന നിലപാടാണ് പ്രതിപക്ഷത്തിന് എന്നായിരുന്നു എൽഡിഎഫ് കൺവീനറായ ടി പി രാമകൃഷ്ണൻ പറഞ്ഞത്. പ്രതിപക്ഷത്തിനെതിരെ ശിവൻകുട്ടിയും രൂക്ഷ വിമർശനമുന്നയിച്ചു. ഒപ്പം പാരഡി ഗാനവും പാടി. ‘സ്വർണ്ണം കട്ടത് കോൺഗ്രസ് അപ്പാ, സംരക്ഷിക്കുന്നത് സോണിയ ഗാന്ധിയപ്പാ’ എന്നാണ് ശിവൻകുട്ടി സഭയിൽ പാടിയത്.

You might also like

-