ശബരിമല സ്വർണക്കൊള്ള !പഞ്ചലോഹവിഗ്രഹം കടത്തിയെന്ന് ആരോപണം ഉയർന്ന ഡി മണിയെ ചോദ്യചെയ്തു
ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നാണ് മണി മൊഴി നൽകിയിരിക്കുന്നത്.ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവൻ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി
കൊച്ചി ,ചെന്നൈ | ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട്, പഞ്ചലോഹവിഗ്രഹം കടത്തിയെന്ന് ആരോപണം ഉയർന്ന ഡി മണിയെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ഡിണ്ടിഗൽ സ്വദേശി ബാലമുരുകനെന്ന ഡി മണിയെ ചെന്നൈയിൽ ചോദ്യം ചെയ്തു. പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. താൻ വജ്ര വ്യാപാരിയാണെന്ന് ഡി മണി മൊഴി നൽകി. ഡി മണി എന്നാൽ ഡയമണ്ട് മണി എന്നാണെന്നും മണി പറഞ്ഞു. ബാലമുരുഗൻ വജ്ര വ്യാപരത്തിൽ ഇടനില നിന്നാണ് ഡി മണി ആയത്. ശബരിമല സ്വർണ്ണക്കൊള്ളയെ കുറിച്ച് അറിയില്ലെന്നാണ് മണി മൊഴി നൽകിയിരിക്കുന്നത്.ശബരിമലയിൽ നിന്ന് സ്വർണ്ണം കൂടാതെ പഞ്ചലോഹ വിഗ്രഹങ്ങളും കടത്തിയതിനു പിന്നിൽ ചെന്നൈ സ്വദേശിയായ വിഗ്രഹ സംഘ തലവൻ മണി എന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. കഴിഞ്ഞദിവസം മുതൽ ഡി മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നിരുന്നത്. ഇന്നലെ പ്രാഥമികമായി ചോദ്യം ചെയ്യൽ നടത്തി. ഇന്ന് വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം
ശബരിമല സ്വർണ്ണക്കൊള്ള സമയത്ത് ഡി മണി തിരുവനന്തപുരത്തെത്തി ശബരിമലയിലെ ഉന്നതരുമായി ചില ഇടപാടുകൾ നടത്തിയെന്നായിരുന്നു വിദേശ വ്യവസായിയുടെ മൊഴി. 2020 ഒക്ടോബർ 20ന് പണം കൈമാറ്റം നടന്നുവെന്നും മൊഴി നൽകിയിരുന്നു. ശബരിമലയിലെ ഉന്നതനും ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയും മാത്രമാണ് പണം കൈമാറ്റത്തിൽ പങ്കെടുത്തതെന്ന് വിദേശ വ്യവസായി മൊഴി നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് ഡി മണി ആരെന്ന അന്വേഷണം എസ്.ഐ.ടി ആരംഭിച്ചത്. ഇതിനായി എസ്.ഐ.ടിയിലെ തന്നെ സ്‌പെഷ്യൽ സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്ത് ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തുന്നതിലും ഇടനിലക്കാരൻ. ണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും എസ്ഐടിയ്ക്ക് നിർണായക മൊഴി ലഭിച്ചിരുന്നു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി ചോദ്യം ചെയ്ത ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട്. ശബരിമല കൂടാതെ പത്മനാഭ സ്വാമി ക്ഷേത്രത്തിലും കണ്ണു വെച്ചു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഇടപാട് മുടങ്ങിയെന്നും മൊഴി. പ്രവാസി വ്യവസായിയാണ് നിർണ്ണായക മൊഴി നൽകിയത്.
2017ന് ശേഷം 2023 വരെ മാസ്റ്റർ പ്ലാനുമായി ഡി മണിയും സംഘവും കേരളത്തിൽ ഇടപാടുകൾ ലക്ഷ്യം വെച്ചത്. ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സമഗ്രമായി പരിഗണിക്കാനാണ് എസ്‌ഐടിയുടെ നീക്കം. വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ള ആളുകളെക്കുറിച്ചും അന്വേഷണ സംഘം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കടത്തു കേസിൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ നൽകിയ ഹർജി ഹൈക്കോടതി ക്രിസ്തുമസ് അവധി കഴിഞ്ഞ് പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. കേസ് ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സിബിഐ നിലപാട്. ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം കോടതിയെ അറിയിക്കും. ഇതിനിടെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടി കേസിൽ കക്ഷി ചേരാനുള്ള അപേക്ഷയും ഹൈക്കോടതിയക്ക് മുന്നിലെത്തി. എം.ആർ അജയനാണ് ഹർജിക്കാരൻ. എഡിജിപിമാരായ പി വിജയൻ, എസ് ശ്രീജിത്ത്, ഐജി ഹരിശങ്കർ എന്നിവർക്കെതിരെയാണ് ആരോപണം. ഹർജി പരിഗണിച്ചപ്പോൾ കക്ഷിയോ, അഭിഭാഷകനോ ഹജരായില്ല. മാത്രമല്ല അവധിക്കാല ബഞ്ച് പരിഗണിച്ച മറ്റ് രണ്ട് കേസുകളിലും ഇതേ ഹർജിക്കാരൻ സമാനമായി കക്ഷിചേരാനും അപേക്ഷ നൽകി. അഭിഭാഷകൻ ഹാജരാകാതെ കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനു ഹർജിക്കാരനായ എം ആർ അജയന് കോടതി 10000 രൂപ പിഴ ചുമത്തി. ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താക്ക് ജസ്റ്റിസ് പി എം മനോജ് എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.