ഇറാന് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം ,യു എൻ സുരക്ഷാ കൗൺസിൽ ഉടൻ വിളിച്ചുചേർക്കണമെന്നും റഷ്യ
നയതന്ത്ര ശ്രമങ്ങളെ പാടെ ഉപേക്ഷിച്ച അമേരിക്കയുടെയും ട്രംപിന്റെയും യഥാർത്ഥ മുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദെവ് ആഞ്ഞടിച്ചു

മോസ്‌കോ | ഇറാന് മേൽ അമേരിക്കയും ഇസ്രയേലും നടത്തുന്ന സംയുക്ത സൈനിക നീക്കത്തിനെതിരെ അതിശക്തമായ നിലപാടുമായി റഷ്യ രംഗത്തെത്തി. ഇറാന് നേരെയുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു എൻ സുരക്ഷാ കൗൺസിൽ ഉടൻ വിളിച്ചുചേർക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഒരു കാരണവശാലും ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടരുതെന്നും റഷ്യ ആവശ്യപ്പെട്ടു.
നയതന്ത്ര ശ്രമങ്ങളെ പാടെ ഉപേക്ഷിച്ച അമേരിക്കയുടെയും ട്രംപിന്റെയും യഥാർത്ഥ മുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്ന് റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദെവ് ആഞ്ഞടിച്ചു. മേഖലയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്ന ഇസ്രയേലിന്റെ നടപടികളെ അന്താരാഷ്ട്ര സമൂഹം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ, നിലവിലെ പ്രതിസന്ധി രാഷ്ട്രീയമായും നയതന്ത്രപരമായും പരിഹരിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം വഴി വ്യക്തമാക്കുന്നത്. അടുത്തിടെ ഇറാനുമായി മിസൈൽ കൈമാറ്റമടക്കമുള്ള തന്ത്രപ്രധാനമായ കരാറുകളിൽ റഷ്യ ഒപ്പുവെച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ട് സമാധാനപരമായ പരിഹാരം കണ്ടെത്താൻ എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്ന് അറിയിച്ച റഷ്യ, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏകപക്ഷീയമായ സൈനിക നടപടി ലോകസമാധാനത്തിന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകി.