ഹരിയാന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി വിനേഷ് ഫോഗട്ട്
ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച.
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും മത്സരിക്കുമെന്ന് സൂചന. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളായാവും ഇരുവരും മത്സരിക്കുക. ഇന്ന് രാവിലെ രാഹുൽ ഗാന്ധിയുമായി വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച.
കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിർത്തിയിലുള്ള കർഷകരുടെ പ്രതിഷധപരിപാടിയിൽ പങ്കെടുത്തിരിക്കുന്നു. കർഷകർ തെരുവിൽ നിൽക്കുമ്പോൾ രാജ്യം എങ്ങനെയാണ് മുന്നേറുക എന്ന ചോദ്യമടക്കം കേന്ദ്രസർക്കാരിനെതിരെ നിരവധി വിമർശനവുമായി മുൻ ഒളിംപ്യൻ കൂടിയായ വിനേഷ് ഫോഗട്ട് രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ തലസ്ഥാനത്ത് ഗുസ്തി താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയതും വിനേഷായിരുന്നു.
ഒക്‌ടോബർ 5 ന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പല കാര്യങ്ങളാൽ ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. ഭരണ വിരുദ്ധ വികാരം, കർഷകരുടെ പ്രതിഷേധം, ഗുസ്തിക്കാരുടെ പ്രതിഷേധം, സർക്കാർ ജീവനക്കാരുടെ അതൃപ്തി, ജാട്ട് സമുദായത്തിൻ്റെ രാഷ്ട്രീയ മാറ്റം തുടങ്ങിയവ തിരഞ്ഞെടുപ്പിൽ നിർണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.