ക്വാറി മാഫിയയെ സഹായിക്കാൻ സർക്കാർ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയെന്ന ചെന്നിത്തലയുടെ ആരോപണം തള്ളി റവന്യുമന്ത്രി

ക്വാറി മാഫിയയെ സഹായിക്കാൻ സർക്കാർ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയെന്നായിരുന്നു ചെന്നിത്തലയുടെ ഗുരുതര ആരോപണം.

0

തിരുവനന്തപുരം: ക്വാറി മാഫിയയെ സഹായിക്കാൻ സർക്കാർ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം തള്ളി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. 1964 ലെ നിയമം ഭേദഗതി ചെയ്ത് ക്വാറിക്ക് അനുമതി കൊടുക്കാൻ തീരുമാനം എടുത്തിട്ടില്ല. നിയമം ഭേദഗതി ചെയ്യാൻ കഴിഞ്ഞ യുഡിഎഫ് സർക്കാർ എടുത്ത നടപടി തടഞ്ഞത് താനാണെന്നും മന്ത്രി പ്രതികരിച്ചു.

ക്വാറി മാഫിയയെ സഹായിക്കാൻ സർക്കാർ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്തിയെന്നായിരുന്നു ചെന്നിത്തലയുടെ ഗുരുതര ആരോപണം. റവന്യു വകുപ്പിനെ നോക്കുകുത്തിയാക്കിയുള്ള തീരുമാനത്തിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ട്. ഭൂപതിവ് ചട്ടപ്രകാരം കൃഷിക്കും താമസത്തിനുമായി നൽകിയ ഭൂമിയിൽ ഖനനപ്രവ‍ർത്തനത്തിന് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത് മാർച്ച് അഞ്ചിന് ചേർന്ന മന്ത്രിസഭായോഗത്തിലാണ്. നിർമ്മാണ സാമഗ്രികളിലെ ദൗർലഭ്യം ചൂണ്ടികാട്ടി അജണ്ടക്ക് പുറത്തുള്ള ഇനമായി വ്യവസായ വകുപ്പാണ് വിഷയം മന്ത്രിസഭയിൽ കൊണ്ടുവന്നത്.

ചട്ടഭേദഗതിക്കായി ഉത്തരവിറക്കിയെങ്കിലും റവന്യു വകുപ്പിന്‍റെ എതിർ‍പ്പുകാരണം ഇതുവരെ ചട്ടം ഭേദഗതി ചെയ്തിട്ടില്ല. ക്വാറി മാഫിയക്കുവേണ്ടിയുള്ള ഭേദഗതിക്ക് പിന്നിൽ വൻ അഴിമതിയെന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം 119 ക്വാറികള്‍ക്ക് സ‍ർക്കാർ അനുമതി നൽകിയെന്നും സംസ്ഥാനത്ത് 6000ത്തിലധികം അനധികൃത ക്വാറികള്‍ പ്രവർത്തിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അനധികൃത ക്വാറികള്‍ക്ക് നൽകിയിരുന്ന പിഴയിലും വ്യവസായവകുപ്പ് ഇളവ് വരുത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

You might also like

-