നാമനിർദ്ദേശപത്രിക തള്ളിയ നടപടി,ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം
ഫോം എ, ബി എന്നിവയിൽ സംഭവിച്ചത് തിരുത്താവുന്ന പിഴവുകൾ ആയിരുന്നു. എന്നാൽ വരണാധികാരി അതിന് അവസരം നിഷേധിച്ചെന്ന് സ്ഥാനാർത്ഥികൾ വാദിച്ചു.
കൊച്ചി: നാമനിർദ്ദേശപത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് എൻഡിഎ സ്ഥാനാർഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസ്, ഗുരുവായൂരിലെ സ്ഥാനാർത്ഥി നിവേദിത സുബ്രമണ്യം എന്നിവരായിരുന്നു ഹർജിക്കാർ. ഫോം എ, ബി എന്നിവയിൽ സംഭവിച്ചത് തിരുത്താവുന്ന പിഴവുകൾ ആയിരുന്നു. എന്നാൽ വരണാധികാരി അതിന് അവസരം നിഷേധിച്ചെന്ന് സ്ഥാനാർത്ഥികൾ വാദിച്ചു. കൊണ്ടോട്ടിയിലും, പിറവത്തും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ തിങ്കഴാഴ്ചവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജിയിൽ തെരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് റിപ്പോർട്ട് നൽകും. ദേവികുളം പത്രിക തള്ളിയത് ചോദ്യം ചെയ്തുള്ള ഹർജിയും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
അതേസമയം നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. 1061 പത്രികകളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിപ്പാട്, എലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുടെ നിലപാട് യു.ഡി.എഫിന് നിർണായകമാകും.
മലപ്പുറം കൊണ്ടോട്ടിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. പി സുലൈമാന്‍ ഹാജിയുടെ നാമനിര്‍ദേശ പത്രിക ഇന്ന് വീണ്ടും സൂക്ഷ്മ പരിശോധന നടത്തും. യു.ഡി.എഫ് പരാതി ഉന്നയിച്ചതോടെയാണ് പത്രിക സൂക്ഷ്മ പരിശോധനക്കായി മാറ്റിവെച്ചത്. ജീവിതപങ്കാളിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടയിടത്ത് കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയില്ലെന്നും സ്വത്ത് വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നുമായിരുന്നു യു.ഡി.എഫ് പരാതി. കെ.പി സുലൈമാന്‍ ഹാജി രണ്ട് വിവാഹം കഴിച്ചയാളാണെന്നും , ഇക്കാര്യം മറച്ചു വെച്ചുവെന്നുമായിരുന്നു യു.ഡി.എഫ് നേതാക്കളുടെ ആരോപണം.