പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ തിരിച്ചെടുക്കുക ആമസോണ്‍ ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നു

യുഎസിലെ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ പുതിയൊരു യുഗമാണ് ഇവിടെ പിറക്കാന്‍ പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയാണ് ആമസോണ്‍

0

ന്യൂയോര്‍ക്ക് | ചരിത്രത്തിലാദ്യമായി ആമസോണില്‍ ജീവനക്കാര്‍ അവകാശങ്ങള്‍ക്കായി സംഘടിക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.ഇരുപത്തേഴു വര്‍ഷത്തെ ചരിത്രം തിരുത്തികുറിച്ചാണ് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡ് ജെഎഫ് കെ. എട്ട് എന്നറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തത്.
ആമസോണില്‍നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങള്‍ക്കൊടുവിലാണ് യൂണിയന്‍ എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞത്. ആമസോണ്‍ ലേബര്‍ യൂണിയന്‍ എന്നാണ് പുതിയ സംഘടനയുടെ പേര്.

8325 ജീവനക്കാരില്‍ നടത്തിയ ഹിതപരിശോധനയില്‍ യൂണിയന്‍ രൂപീകരിക്കുന്നതിന് അനുകൂലമായി 2654 പേര്‍ വോട്ടു ചെയ്തപ്പോള്‍, 2131 പേര്‍ എതിര്‍ത്തു. 4785 വോട്ടുകള്‍ സാധുവായപ്പോള്‍, 67 വോട്ടുകള്‍ ചലഞ്ച് ചെയ്യപ്പെട്ടു. 17 വോട്ടുകള്‍ അസാധുവായി.

യുഎസിലെ സംഘടിത തൊഴിലാളി വര്‍ഗത്തിന്റെ പുതിയൊരു യുഗമാണ് ഇവിടെ പിറക്കാന്‍ പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയാണ് ആമസോണ്‍.
യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിര്‍ക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ആമസോണ്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ വൈറ്റ്ഹൗസ് സ്വാഗതം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സ്വരം ഉച്ചത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു

You might also like

-