പോലീസ് തലപ്പത്ത് അതൃപ്തി സന്ധ്യക്ക് ഡിജിപി റാങ്ക് നല്‍കാൻ ശുപാർശ

സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. എന്നാല്‍ ഈ മൂന്ന് പേരും യു.പി.എസ്.സി അംഗീകരിച്ച പട്ടികയിലുള്ളവരായതിനാല്‍ അനില്‍കാന്തിന്റെ നിയമനത്തില്‍ തെറ്റില്ല. അതേസമയം എ.ഡി.ജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡി.ജി.പി റാങ്കും നല്‍കിയിരുന്നു

0

തിരുവനന്തപുരം :ഫയര്‍ഫോഴ്സ് മേധാവി ബി.സന്ധ്യക്ക് ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി അനില്‍കാന്ത് സര്‍ക്കാരിന് കത്ത് നല്‍കി. പൊലീസ് മേധാവി നിയമനത്തില്‍ സീനിയോരിറ്റി മറികടന്നെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണിത്. പൊലീസ് മേധാവി നിയമനത്തെ തുടര്‍ന്ന് പൊലീസ് തലപ്പത്തുണ്ടായ അതൃപ്തികള്‍ പരിഹരിക്കാനും നീക്കങ്ങള്‍ തുടങ്ങി.
സുദേഷ്കുമാര്‍, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഇവരേക്കാള്‍ ജൂനിയറായ അനില്‍കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത്. എന്നാല്‍ ഈ മൂന്ന് പേരും യു.പി.എസ്.സി അംഗീകരിച്ച പട്ടികയിലുള്ളവരായതിനാല്‍ അനില്‍കാന്തിന്റെ നിയമനത്തില്‍ തെറ്റില്ല. അതേസമയം എ.ഡി.ജി.പിയായ അനില്‍കാന്തിനെ മേധാവിയാക്കിയപ്പോള്‍ ഡി.ജി.പി റാങ്കും നല്‍കിയിരുന്നു. ബി.സന്ധ്യക്ക് ലഭിക്കേണ്ട ഡി.ജി.പി റാങ്കാണ് അനില്‍കാന്തിന് നല്‍കിയത്. ഇതോടെ ജൂനിയറായ അനില്‍കാന്തിന് ഡി.ജി.പി റാങ്കും സീനിയറായ സന്ധ്യക്ക് എ.ഡി.ജി.പി റാങ്കും എന്ന സ്ഥിതിയായി. ഇത് ശരിയല്ലെന്ന് പൊലീസ് തലപ്പത്ത് വിലയിരുത്തലുണ്ടായതോടെയാണ് സന്ധ്യക്കും ഡി.ജി.പി റാങ്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടത്.

ഈ മാസം ഒടുവില്‍ ഋഷിരാജ് സിങ് വിരമിക്കുമ്പോള്‍ സന്ധ്യക്ക് സ്വാഭാവികമായും ഡി.ജി.പി റാങ്ക് ലഭിക്കും.അതുവരെ താല്‍കാലിക ഉത്തരവ് വഴി റാങ്ക് അനുവദിക്കണമെന്നാണ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. നിയമവശം പരിശോധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കും. പൊലീസ് മേധാവി നിയമനത്തില്‍ നിന്ന് പിന്തള്ളപ്പെട്ടതിനെ തുടര്‍ന്ന് സുദേഷ്കുമാറിനും സന്ധ്യക്കുമുള്ള അതൃപ്തികള്‍ പരിഹരിക്കാനും നീക്കങ്ങള്‍ തുടങ്ങി. അനില്‍കാന്തിന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ നിന്ന് വിട്ട് നിന്ന സുദേഷ് കുമാറും സന്ധ്യയും ഓഫീസിെലത്തി ഡി.ജി.പിയെ കണ്ടു. രണ്ടാഴ്ചക്കുള്ളില്‍ എസ്.പി മുതല്‍ എ.ഡി.ജി.പി വരെയുള്ള പദവികളില്‍ അഴിച്ചുപണി നടത്തും. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, വിജയ് സാഖറെ, എസ്.ശ്രീജിത്ത് എന്നിവരെ പ്രധാനപദവികള്‍ നിലനിര്‍ത്തിയാവും അഴിച്ചുപണി. ഡി.ജി.പി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ടോമിന്‍ തച്ചങ്കരിക്കും നിര്‍ണായക സ്ഥാനം ലഭിച്ചേക്കും

You might also like

-