വ്യാജ വോട്ട് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് രമേശ് ചെന്നിത്തല.
സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം
തിരുവനന്തപുരം :വ്യാജ വോട്ട് സംബന്ധിച്ച നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം തിരുവനന്തപുരത്തും വട്ടിയൂര്‍ക്കാവിലും നേമത്തുമായി 22,360 വ്യാജവോട്ടര്‍മാരുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചു. വോട്ടർമാർ അറിയാതെ വോട്ടുകൾ ചേർത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ നാല് ലക്ഷം വ്യാജ വോട്ടര്‍മാരെ സി.പി.എം തയ്യാറാക്കിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഡ്യൂപ്ലിക്കേറ്റ് വോട്ടര്‍മാരെ ചേര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലെ വ്യാജ വോട്ടര്‍മാരുടെ ലിസ്റ്റുമായി സ്ഥാനാര്‍ഥികള്‍ തന്നെ രംഗത്തെത്തി.
തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തരത്തില്‍ 7600 വോട്ടുകളും വട്ടിയൂർക്കാവില്‍ 8400 ഉം നേമത്ത് 6360 ഉം വ്യാജ വോട്ടുകളുണ്ടെന്നാണ് പരാതി. ഒരേ ഫോട്ടോയില് വെവ്വേറെ പേരിലും മേല്‍വിലാസത്തിലും ആളെ ചേര്‍ത്തുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വോട്ടർ പട്ടികയുടെ പകർപ്പുകളും സ്ഥാനാർഥികള്‍ പുറത്തുവിട്ടു. വോട്ടർമാർ അറിയാതെയാണ് ഇത്തരത്തില്‍ ക്രമക്കേട് നടക്കുന്നത്.സർക്കാർ അനുകൂല ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അട്ടിമറി നീക്കമെന്നും സ്ഥാനാർഥികള്‍ ആരോപിച്ചു. വോട്ടർ പട്ടികയുടെ പകർപ്പടക്കം യുഡിഎഫ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മറ്റു മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവർത്തകർ വോട്ടർ പട്ടികകള്‍ പരിശോധിക്കുന്നുണ്ട്.