“84 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങൾ സർക്കാർ സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിറ്റു”
സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സ്പ്രിംഗ്ലറുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 84 ലക്ഷം റേഷൻ കാർഡ് ഉടമകളുടെ വിവരങ്ങളും സ്പ്രിംഗ്ലര്‍ കമ്പനിക്ക് വിറ്റു. ഇത് അഴിമതിയുടെ ഭാഗമാണ്. കമ്പനിയുടെ സേവനം സൌജന്യമല്ല. കോവിഡ് കാലം കഴിഞ്ഞ ശേഷം വില നിശ്ചയിക്കുമെന്നാണ് പര്‍ച്ചേസ് ഓര്‍ഡറില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
സ്പ്രിംഗ്ലര്‍ സൈറ്റിലേക്ക് തന്നെയാണ് ഇപ്പോഴും വിവരങ്ങള്‍ പോകുന്നത്. തദ്ദേശ വകുപ്പിനോ ആരോഗ്യ വകുപ്പിനോ അറിവില്ല. ഐടി സെക്രട്ടറിയുടെ പരസ്യം സദുദ്ദേശത്തോടെയാണ് നൽകിയതെങ്കിൽ ഒഴിവാക്കിയതെന്തിനാണ്? പ്രളയകാലത്തും ഈ കമ്പനി സഹകരിച്ചെന്ന് മന്ത്രി എ.സി മൊയ്തീൻ പറയുന്നു. പ്രളയ കാലത്ത് സഹകരിച്ചത് ആർക്കും അറിവില്ലെന്നും ചെന്നിത്തല പറഞ്ഞു.എന്തെങ്കിലും തർക്കമുണ്ടായാൽ അമേരിക്കയിലെ കോടതിയിൽ പോകണം. കമ്പനിയുടെ കത്തിന് നിയമപരമായ പിൻബലമില്ല. താൻ ഇക്കാര്യം ഉന്നയിച്ചത് കൊണ്ടു മാത്രമാണ് കമ്പനിയില്‍ നിന്ന് കത്ത് വാങ്ങിയത്. മന്ത്രിസഭയുടെയോ കേന്ദ്രത്തിന്റെയോ അനുമതിയില്ലാതെയാണ് കരാർ. സ്പ്രിംഗ്ലർ കമ്പനിയുടെ ഏജന്റായി ഐ.ടി സെക്രട്ടറി മാറി. ഇതില്‍ മുഖ്യമന്ത്രിയുടെ പങ്കെന്തെന്നും മുഖ്യമന്ത്രി കമ്പനിയുമായി ചർച്ച നടത്തിയോ എന്നും ചെന്നിത്തല ചോദിക്കുന്നു. ഐടി സെക്രട്ടറിയെ പുറത്താക്കണമെന്നും അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.